
കോഴിക്കോട്: അമിതമായ ലഹരി ഉപയോഗത്തിനിടെ മരിക്കുകയും സുഹൃത്തുക്കള്‍ കുഴിച്ചിടുകയും ചെയ്ത വിജിലിന്റേതാണ്
എരഞ്ഞിപ്പാലം സരോവരത്തെ ചതുപ്പിൽനിന്ന് കണ്ടെത്തിയ അസ്ഥികൾ എന്ന് സ്ഥിരീകരിച്ചു. വെസ്റ്റ്ഹിൽ സ്വദേശിയായ വിജിലിനെ
6 വർഷം മുൻപാണ് കാണാതായത് കണ്ണൂർ ഫൊറൻസിക് ലാബിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് അസ്ഥികൾ വിജിലിന്റേതാണെന്ന് കണ്ടെത്തിയത്
2019 മാർച്ച് 24-ന് രാവിലെയാണ് ഇപ്പോൾ വരാമെന്ന് അമ്മയോട് പറഞ്ഞ് വിജിൽ വീട്ടിൽ നിന്ന് ഇറങ്ങിയത്. ഒരു സുഹൃത്തിൻ്റെ ഫോൺ കോൾ വന്നപ്പോഴാണ് വീട്ടിൽ നിന്ന് പോയത്

3 ദിവസം കഴിഞ്ഞിട്ടും വിജിലിനെ കാണാതായതോടെ പിതാവ് പരാതിയുമായി എലത്തൂർ സ്റ്റേഷനിലെത്തി.
മാൻ മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ല.
ഇതിനിടെ പോലീസ് ഉദ്യോഗസ്ഥർ പലതവണ മാറുകയും ചെയ്തു. ഒടുവിൽ വർഷങ്ങൾക്ക് ശേഷം കേസ് വീണ്ടും പൊടി തട്ടിയെടുത്തതോടെയാണ് അന്വേഷണം വിജിലിന്റെ സുഹൃത്തുക്കളായ കെ.കെ. നിഖിൽ, ദീപേഷ് എന്നിവരിലേക്ക്
എത്തിയത്. അമിതമായ ലഹരി ഉപയോഗത്തിനിടെ വിജിൽ മരിച്ചെന്നും മൃതദേഹം സരോവരത്തെ ചതുപ്പിൽ കുഴിച്ചിട്ടെന്നുമാണ് സുഹൃത്തുക്കള്‍ മൊഴി നൽകിയത്. തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇക്കഴിഞ്ഞ സെപ്റ്റംബറിൽ സരോവരത്തെ ചതുപ്പിൽ നടത്തിയ തിരച്ചിലിൽ അസ്ഥികൾ കണ്ടെടുക്കുകയുമായിരുന്നു

മാർച്ച് 24-ന് സുഹൃത്തുക്കള്‍ക്കൊപ്പം സരോവരത്ത് എത്തിയ വിജിൽ അവിടെവെച്ച് അവർക്കൊപ്പം ബ്രൗൺ ഷുഗർ ഉപയോഗിച്ചെന്നാണ് പോലീസ് പറയുന്നത്. വിജിൽ കുഴഞ്ഞു വീണെന്നും ലഹരി വിടുമ്പോൾ ശരിയാകുമെന്ന് കരുതി തങ്ങള്‍ സ്ഥലത്ത് നിന്നും പോയി എന്നുമാണ് പ്രതികളുടെ മൊഴി. പിറ്റേന്ന് വന്ന്
നോക്കിയപ്പോൾ മരിച്ചു കിടക്കുന്ന വിജിലിനെയാണ് കണ്ടത്. സത്യം പുറത്തറിയാതിരിക്കാൻ മൂവരും ചേർന്ന് മൃതദേഹം കുഴിച്ചു മൂടുകയായിരുന്നു. വിജിൽ നാട് വിട്ടെന്ന് വരുത്തിത്തീർക്കാൻ വിജിലിന്റെ ബൈക്ക് കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചു. വിജിലിനെ കുഴിച്ചു മൂടി 8 മാസങ്ങൾക്ക് ശേഷം അസ്ഥികൾ ശേഖരിച്ച് വരക്കൽ കടപ്പുറത്ത് വെച്ച് ശേഷക്രിയ ചെയ്തിരുന്നതായും പ്രതികൾ പോലീസിനോട് സമ്മതിച്ചിരുന്നു

