
പാലക്കാട്: ചികിത്സക്കിടെ 9 വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയതിൽ 2 ജൂനിയർ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. അതേ സമയം നടപടിക്കെതിരെ സർക്കാർ ഡോക്ടർമാർ രംഗത്തെത്തി. ”സസ്പെൻഡ് ചെയ്ത ജൂനിയർ റെസിഡൻ്റ് ഡോക്ടർ മുസ്തഫ പിജി വിദ്യാർഥിയാണ്. നിയമപരമായി ചികിത്സയിൽ ഒരു ഉത്തരവാദിത്തവും ഈ ഡോക്ടർക്ക് ഇല്ല..” സസ്പെൻഷൻ അംഗീകരിക്കില്ലെന്ന് കെജിഎംഒഎ ഭാരവാഹികള്‍ വ്യക്തമാക്കി. ചികിത്സാ പിഴവില്ലെന്ന് കണ്ടെത്തിയ ഡിഎംഒ റിപ്പോർട്ട് എങ്ങനെ സർക്കാർ തള്ളിയെന്നും കെജിഎംഒഎ പ്രസിഡന്റ് ഡോ. പി.കെ. സുനിൽ ചോദിച്ചു. കൈ മുറിച്ച സംഭവത്തിൽ ജൂനിയർ റസിഡന്റ് ഡോ. മുസ്തഫ, ജൂനിയർ കൺസൾട്ടന്റ് ഡോ. സർഫറാസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ചികിത്സാ പ്രോട്ടോക്കോളിൽ വീഴ്ച വരുത്തി എന്ന കണ്ടെത്തലിലാണ് നടപടി.

സെപ്റ്റംബർ 24-ന് വൈകീട്ട് വീട്ടിൽ കളിക്കുന്നതിനിടെയാണ് വിനോദിനി വീണ് കൈയ്ക്ക് പരിക്കേറ്റത്. തുടർന്ന് കുടുംബം കുട്ടിയെ ആദ്യം ചിറ്റൂർ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു. കുട്ടിയുടെ കൈയിൽ മുറിവും കൈയ്ക്ക് പൊട്ടലും ഉണ്ടായിരുന്നു. തുടർന്ന് മുറിവിൽ മരുന്നുകെട്ടി അതിനുമേലെ പ്ലാസ്റ്ററിട്ടു.

കുട്ടിക്ക് വേദനയുണ്ടെന്ന് പറഞ്ഞിട്ടും കാര്യമാക്കിയില്ല. പിന്നീട് വേദന സഹിക്കാനാവാതെ കുട്ടിയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്ലാസ്റ്റർ അഴിച്ച് പരിശോധിച്ചു. ഇതോടെയാണ് കൈയിലെ മുറിവ് പഴുത്ത് വല്ലാത്ത അവസ്ഥയിലായത് കണ്ടത്. പിന്നീട് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു .
അപൂർവമായി നടക്കുന്ന സംഭവമാണ് ഇതെന്നാണ് ആശുപത്രി സൂപ്രണ്ടിൻ്റെ പ്രതികരണം. കുട്ടിയ്ക്ക് ഗുരുതരമായ മുറിവ് ഉണ്ടായിരുന്നില്ലെന്നും, നീരോ വേദനയോ ഉണ്ടെങ്കിൽ വീണ്ടും വരാൻ പറഞ്ഞിരുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു

