
ബെംഗളൂരു: ധര്‍മസ്ഥല കേസിൽ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളിക്കെതിരെ 10 വകുപ്പുകൾ കൂടി ചുമത്തി. വ്യാജ മൊഴി നല്‍കിയതിന് പ്രതി ചേര്‍ത്ത സി എന്‍ ചിന്നയ്യയ്ക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്. ഭാരതീയ ന്യായ സംഹിത പ്രകാരം കളളസാക്ഷ്യം പറയല്‍, വ്യാജ രേഖ ചമയ്ക്കല്‍, തെളിവുകള്‍ കെട്ടിച്ചമയ്ക്കല്‍ തുടങ്ങിയ പത്ത് കുറ്റങ്ങളാണ് ചുമത്തിയത്. ചിന്നയ്യ ബെല്‍ത്തങ്ങാടി കോടതിയില്‍ സമര്‍പ്പിച്ച തലയോട്ടിയുമായി ബന്ധപ്പെട്ടാണ് പുതിയ വകുപ്പുകള്‍ ചേര്‍ത്തതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു

അതിനിടെ ചിന്നയ്യ പറഞ്ഞയിടങ്ങളില്‍ നിന്ന് കണ്ടെത്തിയ അസ്ഥികളെയും ധര്‍മസ്ഥലയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെയും അസ്വാഭാവിക മരണങ്ങളെയും കുറിച്ചുളള അന്വേഷണം പുരോഗമിക്കുകയാണ്. സി എൻ ചിന്നയ്യയെ സഹായിച്ച രാഷ്ട്രീയ ഹിന്ദു ജാഗരൺ വേദികെ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമറോടിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം എസ്ഐടി റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ രണ്ടുമാസം ചിന്നയ്യയ്ക്ക് മഹേഷ് ഷെട്ടി തിമറോടിയാണ് സ്വന്തം വീട്ടില്‍ അഭയം നല്‍കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ തിമറോടി നിലവില്‍ ജാമ്യത്തിലിറങ്ങിയതാണ്


