
ജോലിയോടുള്ള ആത്മാര്‍ഥതയും ഉത്തരവാദിത്വവും കാരണം പലരും പറയുന്നത് കേള്‍ക്കാം, മരിച്ചു പണിയെടുത്തെന്ന്. അങ്ങനെ പണിയെടുത്ത് മരിച്ച ഒരു യുവാവിൻ്റെ വാർത്തയാണ് ചൈനയിൽ നിന്നും വരുന്നത്. ചൈനയിലെ ആബോ എന്ന യുവാവാണ് മരിച്ചത്. 10 ദിവസത്തിൽ വെറും ഒരു ദിവസം മാത്രമാണ് ആബോയ്ക്ക് വിശ്രമിക്കാൻ കഴിഞ്ഞത്. അതിനാൽ ആന്തരിക അവയവങ്ങളടക്കം തകരാറിലായാണ് യുവാവ് മണപ്പെട്ടത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ആബോ ഒരു കമ്പനിയുമായി കരാറിൽ ഒപ്പ് വയ്ക്കുന്നത്.
ഈ വർഷം ജനുവരി വരെയായിരുന്നു കരാറെങ്കിലും ജൂൺ മാസമായപ്പോഴേക്കും ജോലി ഭാരം കൊണ്ട് ആബോ മരണപ്പെടുകയായിരുന്നു. രോഗബാധിതനായി ആശുപത്രിയിൽ കഴിയുമ്പോൾ ന്യൂമോണിയ ബാധിച്ചായിരുന്നു മരണം.

ഷീജിയാങിലെ സോഷാൻ എന്ന സ്ഥലത്തായിരുന്നു ആബോ ജോലി ചെയ്തിരുന്നത്. കരാർ പ്രകാരം ഫെബ്രുവരി മുതൽ മെയ് വരെ വിശ്രമമില്ലാതെ പണിയെടുത്തു. ഏപ്രിൽ 26 ന് ഒരു ദിവസം മാത്രം വിശ്രമിച്ചു. എന്നാൽ മെയ് 25 ആയപ്പോഴേക്കും ആബോയുടെ ശാരീരികാവസ്ഥ മോശമാവുകയായിരുന്നു. തുടർന്ന് താമസസ്ഥലത്ത് തന്നെ വിശ്രമിച്ചു. എന്നാൽ മെയ് 28 ആയപ്പോൾ ശാരീരികാവസ്ഥ കൂടുതൽ വഷളാവുകയും ഒപ്പമുണ്ടായിരുന്നവർ ആബോയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. രോഗാവസ്ഥ തിരിച്ചറിയാൻ വളരെ വൈകി പോയി. അങ്ങനെ ജൂൺ 1ന് ആ ബോ മരണപ്പെട്ടു.
ഇതിനു പിന്നാലെ ബന്ധുക്കൾ കമ്പനിക്കെതിരെ പരാതിയുമായി രംഗത്തെത്തി. കേസ് കോടതിയിൽ എത്തിയപ്പോൾ വിശ്രമിക്കാൻ അനുവദിക്കാതെ ജോലി ഭാരം അടിച്ചേൽപ്പിച്ചതാണ് ആബോയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ ആബോ നിയമപ്രകാരമുള്ള ജോലി സമയം കഴിഞ്ഞിട്ടും സ്വന്തം ഇഷ്ടപ്രകാരമാണ് ജോലി ചെയ്തതെന്നും അസുഖ ബാധിതനായപ്പോൾ കൃത്യമായി ചികിത്സ തേടാതിരുന്നത് ആബോയുടെ കുറ്റമാണെന്നും കമ്പനി വാദിച്ചു. എന്നാൽ പൂർണമായും മരണത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് കമ്പനിയ്ക്ക് മാറി നിൽക്കാനാവില്ലെന്നും ആബോയുടെ കുടുംബത്തിന് കമ്പനി നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. 400,000 യുവാൻ (47,46,000 രൂപ) ആബോയുടെ കുടുംബത്തിന് നൽകണമെന്നും 10,000 യുവാൻ അടിയന്തര സഹായമായി ഉടൻ തന്നെ കുടുംബത്തിന് കൈമാറണമെന്നുമാണ് കോടതി ഉത്തരവിച്ചു.

