‘സിദ്ധാർഥ് SFI അല്ല’ SFIയാണെന്ന് സൂചിപ്പിച്ച് ഫ്ളക്സ് വച്ച് ഡിവൈ എഫ്ഐ

തിരുവനന്തപുരം: ക്രൂരമായ പരസ്യ വിചാരണയെത്തുടര്‍ന്ന് ജീവനൊടുക്കിയ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്റെ വീടിന് മുന്നിൽ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച് ഡി.വൈ.എഫ്‌.ഐ. സിദ്ധാർഥൻ എസ്.എഫ്.ഐ പ്രവർത്തകനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ളക്സ് സ്ഥാപിച്ചത്. ഫ്ലക്സിനെതിരെ വിമർശനവുമായി സിദ്ധാര്‍ഥന്റെ അച്ഛൻ ടി. ജയപ്രകാശ് രം​ഗത്തെത്തി. മരണം പോലും മുതലെടുക്കുന്നവരാണ് ഡി.വൈ.എഫ്‌.ഐ.യെന്ന് അദ്ദേഹം പറഞ്ഞു. പലതവണ ഫ്ലെക്സ് ബോർഡ് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്നാണ് ജയപ്രകാശ് പറയുന്നത്

എസ്.എഫ്.ഐ പ്രവര്‍ത്തകനായ സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ക്രിമിനലുകളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ഫ്ളക്സ്. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെടുന്നു. സിദ്ധാർഥിനെ എസ്.എഫ്.ഐയിൽ ചേരാൻ നിർബന്ധിച്ചെങ്കിലും അതിന് തയ്യാറായിരുന്നില്ലെന്നാണ് സഹപാഠികളും കുടുംബവും പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് സിദ്ധാർഥൻ സംഘടനാംഗമാണെന്ന്‌ അവകാശപ്പെടുന്ന ഫ്‌ളക്‌സ് ബോര്‍ഡ് വിവാദമാകുന്നത്