കോഴിക്കോട്ടെ പരിപാടിയിൽ ഭാരത് മാതാ കീ ജയ് വിളിക്കാത്തതിന് ക്ഷോഭിച്ച് കേന്ദ്ര മന്ത്രി

കോഴിക്കോട്: സദസിലുള്ളവര്‍ ഭാരത് മാത കി ജയ് വിളിക്കാത്തതിന് ക്ഷോഭിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഭാരത് മാതാകീ ജയ് മുദ്രാവാക്യം എല്ലാവരും ഏറ്റു വിളിക്കാത്തതാണ് ലേഖിയെ ചൊടിപ്പിച്ചത്. സദസിലിരിക്കുന്ന യുവതികളോട് ഭാരതം നിങ്ങളുടെ അമ്മയല്ലേയെന്നും ഇല്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്തു പോകണമെന്നും മന്ത്രി പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിന് ഒടുവിലാണ് മന്ത്രി മീനാക്ഷി ലേഖി ഭാരത് മാതാ കീ ജയ് വിളിച്ചത്. സദസ് ഏറ്റുവിളിച്ചെങ്കിലും ശബ്ദം കുറവെന്ന് പറഞ്ഞ മന്ത്രി വീണ്ടും ഭാരത് മാതാ കീ ജയ് വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു

രാജ്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കാൻ പോലും മടിയുള്ളവരുണ്ടെന്നും അത്തരക്കാരാണ് ഭാരത് മാതാ കീ ജയ് വിളിക്കാതിരിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. നെഹ്റു യുവകേന്ദ്രയുമായി സഹകരിച്ച് നാഷണൽ യൂത്ത് ഡേ സെലിബ്രേഷൻ കമ്മിറ്റി, ഖേലോ ഭാരത്, തപസ്യ എന്നീ സംഘടനകളാണ് പരിപാടി സംഘടിപ്പിച്ചത്. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ചായിരുന്നു യൂത്ത് കോണ്‍ക്ലേവ് എന്ന പരിപാടി