
കമ്പ്യൂട്ടർ സുരക്ഷാ കമ്പനിയായ മക്കഫേ പുതിയ 13 ആൻഡ്രോയിഡ് ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്ന വാർത്തയാണ് വൈറലാകുന്നത്. സ്മാർട്ട്ഫോണുകളുടെ നിയന്ത്രണം വരെ ഏറ്റെടുക്കാൻ കഴിയുന്ന തരത്തിൽ അപകടം പിടിച്ച ഒന്നാണ് ഈ ആപ്പുകളിൽ ഒളിഞ്ഞിരിക്കുന്നതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അത് ഫോണിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കും. പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുക, ഉപയോക്തൃ സമ്മതമില്ലാതെ സാമ്പത്തിക പ്രവർത്തനങ്ങൾ ചെയ്യുക, ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ആപ്പുകൾ വഴി സാധിക്കും.

ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പുകൾ വഴി ഏകദേശം 3,38,300 ഉപകരണങ്ങളെ ബാധിക്കുന്ന ‘Xamalicious’ എന്ന പുതിയ ആൻഡ്രോയിഡ് മാൽവെയറിനെയാണ് മക്കേഫേ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കമ്പനി പറയുന്നതനുസരിച്ച് ഈ ആപ്പുകൾ സോഷ്യൽ എഞ്ചിനീയറിങ് ഉപയോഗിച്ചാണ് ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ഉടമ അറിയാതെതന്നെ കമാൻഡ് ആൻഡ് കൺട്രോൾ സെർവറുമായി ആശയവിനിമയം നടത്താൻ ഫോണിനെ അനുവദിക്കുന്നു.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിലവിൽ 13 ആപ്പുകളെ ഈ മാൽവെയർ ബാധിച്ചിട്ടുണ്ടെന്നാണ് മക്കഫേയുടെ കണ്ടെത്തൽ. ഇവ ഇതിനോടകംതന്നെ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.


