
തൊടുപുഴ: നാടിന് അഭിമാനമായ കുട്ടികർഷകന്റെ പശുക്കൾ കൂട്ടമായി ചത്തു. തൊടുപുഴയ്ക്ക് സമീപം വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നിയുടെ ഫാമിലെ പതിമൂന്നോളം പശുക്കളാണ് ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി കൂട്ടത്തോടെ ചത്തത്. രണ്ട് സഹോദരന്മാർ ചേർന്ന് നടത്തിയിരുന്ന ഫാമിലെ പശുക്കളാണ് ചത്തത്.
സംഭവത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാത്യുവിനെയും മാതാവിനെയും സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം

പിതാവിന്റ മരണത്തിനു ശേഷമാണ് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന മാത്യു 13-ാം വയസില്‍ ക്ഷീര മേഖലയിലേക്കു കടന്നത്. പഠനവും പശുവളർത്തലും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന മാത്യുവിന് പശുവിന്റെ മരണം വലിയ തിരിച്ചടിയായിരിക്കുകയാണ്. മികച്ച കുട്ടിക്ഷീര കര്‍ഷകനുള്ള അവാര്‍ഡും മാത്യൂവിനെ തേടിയെത്തിയിരുന്നു. മറ്റ് നിരവധി പുരസ്കാരങ്ങളും ഈ കുട്ടി കര്‍ഷകനെ തേടിയെത്തിയിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിന് വീട്ടിലെത്തി മാത്യുവിനെ ആദരിക്കുകയും ചെയ്തിരുന്നു

മാത്യുവിന്റെ പശുക്കള്‍ കൂട്ടത്തോടെ ചത്ത ദാരുണ സംഭവം നാടിനാകെ വേദനയായി മാറിയിരിക്കുകയാണ്. പശുക്കള്‍ ചത്തതില്‍ ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. മരച്ചീനിത്തൊലി ഉള്ളില്‍ ചെന്നതാണ് പശുക്കള്‍ ചാകാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടത്തിയ ശേഷമെ മരണകാരണം വ്യക്തമാകൂവെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു

