നവേകരള സദസ്സിൽ കോൺഗ്രസ് വിമതന്‍ എ.വി ഗോപിനാഥും ലീഗ് വനിതാ നേതാവ് സുബൈദയും.. ഗോപിനാഥ് എത്തിയത് സിപിഎം ജില്ലാ സെക്രട്ടറിയോടൊപ്പം

പാലക്കാട്: കോൺഗ്രസ് ഒന്നടങ്കം സർക്കാരിന്റെ നവകേരള സദസ്സിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് കോളിളക്കം സൃഷ്ടിച്ച് കോൺഗ്രസ് വിമതനും മുൻ ഡിസിസി പ്രസിഡന്റുമായ എ.വി.ഗോപിനാഥ് സദസ്സിലേക്ക് കടന്ന് വന്നത്. പാലക്കാട് രാമനാഥപുരത്തെ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രഭാത യോഗത്തിലേക്കാണ് സിപിഎം ജില്ലാ സെക്രട്ടറിയോടൊപ്പം എ.വി.ഗോപിനാഥ് എത്തിയത്. ലീഗ് വനിതാ നേതാവ് സുബൈദയും നവകേരള സദസ്സിലെത്തി. എന്നാൽ സുബൈദയെ പാർട്ടിയിൽനിന്നു പുറത്താക്കിയതാണെന്നാണു ലീഗ് നേതാക്കൾ പറയുന്നത്.

പാലക്കാട് ജില്ലയിലെ കുറെ കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള അവസരം കിട്ടുകയാണെന്നും അതുകൊണ്ടാണ് താൻ വന്നതെന്നുമാണ് ഗോപിനാഥ് പറഞ്ഞത്. ജനങ്ങളുമായി സംവാദം നടത്താൻ മുഖ്യമന്ത്രി കാണിച്ച ഏറ്റവും തന്റേടമുള്ള നടപടിയെന്നായിരുന്നു നവകേരള സദസ്സിനെ ഗോപിനാഥ് വിശേഷിപ്പിച്ചത്
പരിപാടിക്ക് എത്തിയതിന് പ്രത്യേക രാഷ്ട്രീയ അനുമാനം നൽകേണ്ട കാര്യമില്ല. തന്റെ രാഷ്ട്രീയ തീരുമാനങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പോടെ വ്യക്തമാകും. കോൺഗ്രസുകാരനായാണ് പരിപാടിയിൽ പങ്കെടുക്കുന്നതെന്നും നാളെ എന്താകുമെന്ന് പറയാന്‍ കഴിയില്ലെന്നും എ വി ഗോപിനാഥ് വ്യക്തമാക്കി