
തിരുവനന്തപുരത്താണ് വിചിത്രമായ പാര്‍ട്ടി മാറ്റം നടന്നത്. കോൺഗ്രസിൽ ചേർന്ന ബിജെപി വനിതാ നേതാവ് ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് തിരികെ ബിജെപിയില്‍ ചേര്‍ന്നത്. പൂജപ്പുര വാർഡിലെ മുൻ കൗൺസിലറും ബി ജെ പി ജില്ലാ കമ്മിറ്റി അംഗവുമായ ഡോ. ബി വിജയലക്ഷ്മിയാണ് രാഷ്ട്രീയത്തില്‍ കൂട് വിട്ട് കൂട് മാറ്റം നടത്തിയത്. ബുധനാഴ്ച ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന വിജയലക്ഷ്മിയെ കെ. മുരളീധരൻ, എൻ. ശക്തൻ തുടങ്ങിയവര്‍ ചേർന്നാണ് സ്വീകരിച്ചത്. വിജയലക്ഷ്മി കോൺഗ്രസിലെത്തിയ കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയും നേതാക്കൾ അറിയിച്ചിരുന്നു

എന്നാല്‍ കോൺഗ്രസ് വിജയലക്ഷ്മിയെ കബളിപ്പിച്ചു എന്നാണ് ബിജെപിനേതൃത്വം പറയുന്നത്. ആദരിക്കാനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പാർട്ടിയിൽ ചേർന്നെന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു കോൺഗ്രസ് എന്നും ബിജെപി ആരോപിച്ചു.
അതിനിടെ കോൺഗ്രസുകാരെയും ബിജെപിക്കാരെയും ഞെട്ടിച്ചു കൊണ്ട്
വിജയലക്ഷ്മി ഇന്നലെ തിരികെ ബിജെപിയിലെത്തുകയായിരുന്നു. തിരുമലയിൽ നടന്ന ബിജെപി പൊതുയോഗത്തിലാണ്
വിജയലക്ഷ്മി വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കള്‍ ചേര്‍ന്ന് വിജലക്ഷ്മിയെ ഷാളണിയിച്ച് സ്വീകരിച്ചു


