
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്ന ശബ്ദ സന്ദേശം പുറത്ത് വിട്ടതിന് പിന്നാലെ മരിച്ച വേണുവിന്റെ കുടുംബം പരാതി നല്കി. മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കുമാണ്
വേണുവിന്റെ ഭാര്യ സിന്ധു പരാതി നല്‍കിയത്. ആശുപത്രി അധികൃതരില്‍ നിന്ന് നേരിട്ടത് കടുത്ത അവഗണനയാണെന്നും ചികിത്സ നിഷേധിച്ച
ഡോക്ടര്‍മാരായ അഭിഷേക്, സിബി മാത്യു എന്നിവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പരാതി ‘ഡോക്ടര്‍മാരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശമുണ്ട്. കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമാണ് വേണു. മരണ കാരണം കണ്ടെത്തണം..’ – പരാതിയില്‍ പറയുന്നു

അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യണമെന്ന ജില്ലാ ആശുപത്രിയില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് നവംബര്‍ ഒന്നിനായിരുന്നു വേണു തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഇന്നലെ രാത്രി യായിരുന്നു വേണുവിന്റെ മരണം. മെഡിക്കല്‍ കോളേജിലെ ദുരനുഭവം ചൂണ്ടിക്കാട്ടി വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു ”തന്നെ ആരും തിരിഞ്ഞു നോക്കിയില്ല, ആശുപത്രിയില്‍ എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാല്‍ ഒരക്ഷരം മിണ്ടില്ല, നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവര്‍ തിരിഞ്ഞു നോക്കില്ല, മറുപടി പറയില്ല. കൈക്കൂലിയുടെ കേന്ദ്രമാണിത്. എമര്‍ജന്‍സി ആന്‍ജിഗ്രാം ചെയ്യാന്‍ വെള്ളിയാഴ്ച താന്‍ ഇവിടെ എത്തിയതാണ്. അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല. കൈക്കൂലിക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുറം ലോകത്തെ അറിയിക്കണം”- വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്ന കാര്യങ്ങളാണിത്

അതേസമയം വേണുവിനെ ചികിത്സിക്കുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സൂപ്രണ്ട് ഡോ. സി ജി ജയചന്ദ്രന് വ്യക്തമാക്കി. ”വേണുവിന് ആന്‍ജിയോഗ്രാം ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നു, ക്രിയാറ്റിനിലും ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്നലെ ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് ഉണ്ടായിരുന്നു. പിന്നാലെ വെൻ്റിലേറ്ററിലേക്ക് മാറ്റി. പരമാവധി ചികിത്സ നല്‍കിയിട്ടുണ്ട്..” ഇങ്ങനെയായിരുന്നു സൂപ്രണ്ടിന്റെ വിശദീകരണം

