
ലോകത്തെ ഏറ്റവും പ്രധാന നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറാവുകയാണ് ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്റാന് മംദാനി. ന്യൂയോര്‍ക്കിലെ ആദ്യത്തെ കമൃൂണിസ്റ്റ്, മുസ്ലീം മേയറും ഏറ്റവും പ്രായം കുറഞ്ഞ മേയറും കൂടിയാണ് മംദാനി.
ചരിത്ര വിജയം നേടിയാണ് ന്യൂയോര്‍ക് മേയറായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ ഗവര്‍ണറുമായ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ നോമിനി കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനിയുടെ മിന്നും ജയം

അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ കണ്ണിലെ കരടാണ് മംദാനി.
ജൂത വംശജര്‍ മംദാനിക്ക് വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ പമ്പര വിഢികളാണെന്ന് ട്രംപ് പറഞ്ഞിരുന്നു.
മംദാനി ജയിച്ചാല്‍ ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ധനസഹായം വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നിട്ടും 1969ന് ശേഷം ഏറ്റവുമധികം പോള്‍ ചെയ്യപ്പെട്ട ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടി ഈ തിരഞ്ഞെടുപ്പിനുണ്ട്. 2 മില്യണ്‍ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടതായാണ് കണക്ക്. മംദാനിക്ക് 51 ശതമാനത്തിലേറെ വോട്ടുകള്‍ ലഭിച്ചെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രസിഡന്റ് ട്രംപ് പരസ്യമായി മംദാനിക്കെതിരെ രംഗത്ത് വന്നതും ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറക്കുമെന്ന് മുന്നറിയിപ്പ് നൽകിയതും തിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയമാനം നൽകി. കടുത്ത എതിർപ്പുകൾക്കിടയിലും മംദാനി നേടിയ വിജയം അമേരിക്കൻ രാഷ്ട്രീയത്തിൽ
വർദ്ധിച്ചു വരുന്ന പുരോഗമനപരമായ ചിന്താഗതിയെയാണ് വ്യക്തമാക്കുന്നത്

ഇന്ത്യന്‍ വംശജായ പ്രശസ്ത സംവിധായിക മീരാ നായരുടെയും ഉഗാണ്ടൻ അക്കാദമിഷ്യൻ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ. ഉഗാണ്ടയിൽ ജനിച്ച അദ്ദേഹം ഏഴാം വയസ്സിൽ ന്യൂയോർക്കിലെത്തി. 2018ലാണ് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത്.
മംദാനി അമേരിക്കയിലെത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നില നില്‍ക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പില്‍ മംദാനി ഈ ചരിത്ര മുന്നേറ്റം നടത്തിയത്. സാർവത്രിക ശിശു സംരക്ഷണം, കുറഞ്ഞ യാത്രാക്കൂലി തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയുള്ള പ്രകടന പത്രികയാണ് തിരഞ്ഞെടുപ്പിൽ നിർണ്ണായകമായത്. ന്യൂയോർക്കിലെ സാധാരണക്കാരെയും യുവജനങ്ങളെയും ആകർഷിച്ച പ്രചാരണമായിരുന്നു മംദാനിയുടേത്.
ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്കില്‍ കാല് കുത്തിയാല്‍ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കും എന്ന് മംദാനി പറഞ്ഞത് അന്തരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയമായിരുന്നു

