
രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സ്ആപ് സ്റ്റാറ്റസ് ഇട്ട ആലത്തൂർ ഡിവൈഎസ്പി
ആർ. മനോജിൽ നിന്ന് വിശദീകരണം തേടി പാലക്കാട് ജില്ലാ പൊലീസ് മേധാവി. സംഭവം വിവാദമായതോടെയാണ്റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പിക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഇന്നലെയാണ് രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് ഡിവൈഎസ്പി വാട്സ്ആപ് സ്റ്റാറ്റസിട്ടത്. ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തിയാണ് രാഷ്ട്രപതി ദർശനം നടത്തിയത് എന്ന മട്ടിലായിരുന്നു സ്റ്റാറ്റസ്.

”പ്രസിഡൻ്റും സെക്യൂരിറ്റി ഉദ്യോഗസ്ഥരും നടത്തിയപ്പോൾ സംഘികളും കോൺഗ്രസും ഒരു വിധ നാമജപയാത്രകളും നടത്തിയില്ല. മാപ്രകൾ ചിലച്ചില്ല. ഇത് പിണറായി വിജയനോ ഇടത് മന്ത്രിമാരോ ആയിരുന്നെങ്കിലോ..? എന്താകും പുകില്..? അപ്പോൾ പ്രശ്നം വിശ്വാസമോ ആചാരമോ അല്ല. എല്ലാം രാഷ്ട്രീയമാണ്..”- ഇതായിരുന്നു വാട്സാപ് സ്റ്റാറ്റസിന്റെ ഉള്ളടക്കം എന്നാല്‍, ട്രെയിൻ യാത്രക്കിടെ വാട്സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസാവുകയായിരുന്നുവെന്നാണ് ഡിവൈഎസ്പിയുടെ വിശദീകരണം. ”ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആർക്കും വിഐപി പരിഗണന തൊഴാൻ നൽകരുതെന്നും ആരെയും വാഹനത്തിൽ മല കയറ്റരുതെന്നും ഹൈക്കോടതി വിധികൾ ഉള്ളതാണ്. ഇതെല്ലാം കാറ്റിൽ പറത്തി, പള്ളിക്കെട്ട് നേരിട്ട് മേൽശാന്തി ഏറ്റ് വാങ്ങി തിരുനടക്കകത്ത് വച്ചു. യൂണിഫോമിട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥർ 18ാം പടി കയറി” – ഇതെല്ലാം ആചാര ലംഘനങ്ങളാണെന്നാണ് വാട്സ്ആപ്പ് സ്റ്റാറ്റസില്‍ വിശദീകരിക്കുന്നത്


