
മലപ്പുറം: സ്കൂള്‍ ബസിന്റെ ഫീസ് അടക്കാന്‍ വൈകിയതിന് യുകെജി വിദ്യാര്‍ത്ഥിയെ വഴിയില്‍ ഉപേക്ഷിച്ചെന്ന് പരാതി. ചേലേമ്പ്ര എഎല്‍പി സ്കൂള്‍ അധികൃതര്‍ക്കെതിരെയാണ് പരാതി.
സ്കൂള്‍ ബസില്‍ കയറാന്‍ നിന്ന 5 വയസുകാരനെ ബസ് ഫീ അടക്കാത്തതിനാല്‍ പ്രധാനാധ്യാപികയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബസില്‍ കയറ്റിയില്ലെന്നാണ് ആരോപണം. രക്ഷിതാക്കളെ അറിയിക്കാതെയാണ് കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചതെന്നും പരാതിയിലുണ്ട് . ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്

രണ്ട് മാസത്തെ സ്കൂള്‍ ബസ് ഫീസായ 1000 രൂപ അടക്കാന്‍ വൈകിയതിനാണ് കുട്ടിയോട് ക്രൂരത കാണിച്ചത്.
പ്രധാനാധ്യാപികയുടെ നടപടിക്കെതിരെ കുടുംബം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കും ബാലാവകാശ കമ്മീഷനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. ഇനി സ്കൂളിലേക്ക് വിദ്യാര്‍ത്ഥിയെ അയക്കില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പ്രധാനാധ്യാപിക ഖേദം പ്രകടിപ്പിക്കാന്‍ പോലും തയ്യാറായില്ലെന്നും അമ്മ ചൂണ്ടിക്കാട്ടി. വഴിയില്‍ ഉപേക്ഷിച്ച കുട്ടിയെ അടുത്തുണ്ടായിരുന്ന ഒരു സ്ത്രീയാണ് വീട്ടില്‍ കൊണ്ടുവിട്ടതെന്നും അമ്മ പറഞ്ഞു.
അതേ സമയം സംഭവിച്ചത് തെറ്റായ കാര്യമാണെന്നും എല്ലാവരും കൂടി കുട്ടിയുടെ വീട്ടില്‍ പോയി സംസാരിച്ചെന്നും പി ടി എ പ്രസിഡന്റ് അനീഷ് വ്യക്തമാക്കി


