
തിരുവനന്തപുരം: ശബരിമലയിൽ നിന്ന് സ്വർണം കടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് 2 കേസുകളിലാണ് രേഖപ്പെടുത്തിയത്. ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണക്കൊള്ളയിലാണ് അറസ്റ്റ്. എസ്ഐടി അന്വേഷണം തുടങ്ങി ആറാം ദിവസമാണ് കേസിലെ നിർണായക അറസ്റ്റ്. 10 മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.
പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം ഓഫീസിലെത്തിച്ചാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന് പോറ്റി. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഉണ്ണികൃഷ്ണന് പോറ്റിയെ റാന്നി കോടതിയിൽ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന്
കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള അപേക്ഷയും SIT ഇന്ന് തന്നെ കോടതിയില്‍ നൽകും. 474 ഗ്രാം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് തിരിച്ച് നൽകിയെന്നാണ് സ്മാർട്ട് ക്രിയേഷൻ നൽകിയ മൊഴി. എന്നാല്‍ അതിലും കൂടുതല്‍ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയ്യിൽ ഉണ്ടെന്നാണ് രേഖകൾ പറയുന്നത്. ചോദ്യം ചെയ്യലില്‍ ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്.

ശബരിമല ശിൽപങ്ങളിലെ സ്വർണം ഉരുക്കി കൊള്ള നടത്തിയതിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടു വരികയെന്ന വലിയ ഉത്തരവാദിത്വമാണ് ഇനി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. കേസിൽ തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കുന്നതാണ് ഉണ്ണികൃഷ്ണൻ പോറ്റി നല്കിയ മൊഴി.
തട്ടിയെടുത്ത സ്വർണം ഉദ്യോഗസ്ഥര്‍ പങ്കിട്ടെടുത്തെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
നടന്നത് വൻ ഗൂഢാലോചനയാണെന്നും ഇതിന്റെ ഭാഗമായിട്ടാണ് കൽപേഷിനെ കൊണ്ടു വന്നതെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. 5 പേരുടെ പേരുകള്‍ പറഞ്ഞായാണ് വിവരം. ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസറായി അപേക്ഷ നൽകിയതു മുതൽ ഗൂഢാലോചന തുടങ്ങിയെന്നാണ് നിഗമനം. സ്വർണം ചെമ്പായി കാണിച്ചത് ഉൾപ്പെടെ ഗൂഢാലോചനയുടെ ഭാഗമായാണ്. എന്തായാലും കേസന്വേഷണത്തിൽ വരും ദിവസങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് നിർണായകമാകും. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കാന് ഉള്ളതു കൊണ്ടു തന്നെ തുടരന്വേഷണങ്ങളും വേഗത്തില്‍ നടക്കുമെന്നാണ് സൂചന

