
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും പുറത്തെത്തിച്ച വിദേശമദ്യവുമായി ഒരാൾ പിടിയിൽ. കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശി അബ്ദുറഹ്മാനാണ് പിടിയിലായത്. ഒരു ലിറ്റർ വീതമുള്ള പത്ത് കുപ്പി മദ്യമാണ് പുറത്തേക്ക് കടത്താൻ ശ്രമിച്ചത്. വിദേശയാത്ര കഴിഞ്ഞ് വരുന്നവർക്ക് മാത്രമാണ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് മദ്യം നൽകാറുള്ളൂ. എന്നാൽ അബ്ദുറഹ്മാൻ മദ്യം വാങ്ങാൻ മാത്രമായാണ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെത്തിയത്. മദ്യം വാങ്ങി പുറത്തേക്ക് വന്നപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മദ്യം ഉയർന്ന വിലയ്ക്ക് പുറത്ത് വിൽക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. വില കൂടിയ മദ്യമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.



