
പത്തനംതിട്ട: ശബരിമല സ്വർണ്ണപാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ സമർപ്പിച്ച രണ്ടു മണികൾ നൽകിയത് ബാംഗ്ലൂർ വ്യവസായിയായ അജികുമാർ ആണെന്ന് അജികുമാറിന്റെ ഭാര്യ സുമംഗല വ്യക്തമാക്കി.ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസർഷിപ്പിനായി സമീപിച്ചെന്നും അദ്ദേഹം ആവശ്യപ്പെട്ട പ്രകാരമാണ് മണികൾ സംഭാവന നൽകിയതെന്നും സുമംഗല പറഞ്ഞു.

പേര് വെയ്ക്കണമെന്ന് അജികുമാർ ആവശ്യപ്പെട്ടിരുന്നില്ലെന്നും 2017ലാണ് മണികൾ നൽകിയതെന്നും ഇപ്പോൾ ശബരിമലയിൽ ഉള്ള രണ്ടു മണികൾ അജികുമാർ നൽകിയതാണെന്നും, ഉണ്ണികൃഷ്ണൻ പോറ്റിയുമായി അജികുമാർ പരിചയത്തിലാകുന്നത് മണിയുടെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ടാണെന്നും ഇവർ കൂട്ടിച്ചേർത്തു. സ്വർണപ്പാളി കൊണ്ടുപോയി പൂജിച്ച സമയത്തെല്ലാം അജികുമാർ പോറ്റിയുടെ കൂടെയുണ്ടായിരുന്നു. എന്നാൽ സ്വർണപ്പാളിക്കോ വാതിലിനോ സംഭാവന നൽകിയതായി തനിക്കറിയില്ലെന്നും സുമംഗല വ്യക്തമാക്കി. 35 ലക്ഷം രൂപ സ്വർണപ്പാളി നിർമാണത്തിനായി അജികുമാർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയിരുന്നതായി അജികുമാറിന്റെ സഹോദരൻ അനിൽ കുമാർ പറഞ്ഞിരുന്നതായും എന്നാൽ ഇക്കാര്യം തനിക്കറിയില്ലെന്നും സുമംഗല ചൂണ്ടിക്കാട്ടി.


