
ശബരിമലയിലെ സ്വര്‍ണപ്പാളി വെച്ച് തന്റെ വീട്ടിൽ അല്ല പൂജ നടന്നതെന്ന് നടന് ജയറാം പ്രതികരിച്ചു.
ആരോപണ വിധേയനായ ഉണ്ണികൃഷ്ണന് പോറ്റി ശബരിമലയിലെ സ്വര്‍ണപ്പാളി വെച്ച് ജയറാമിന്റെ വസതിയിലും
ചെന്നൈയിലും ബാംഗ്ളൂരിലുമെല്ലാം പൂജ നടത്തി എന്ന വാര്‍ത്തയോടാണ് നടന്റെ പ്രതികരണം. ചടങ്ങിന്
ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചതനുസരിച്ച് പോയതാണെന്നും ജയറാം വ്യക്തമാക്കി. ”ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ച് കണ്ടുള്ള പരിചയം മാത്രമേയുള്ളൂ. ശബരിമലയിലെ വാതിൽ എന്നാണ് പറഞ്ഞത്. അമ്പത്തൂരിലെ ഫാക്ടറിയിൽ ആയിരുന്നു പൂജാ ചടങ്ങ്. വീരമണിയെ ക്ഷണിച്ചത് താൻ ആണ്. മഹാഭാഗ്യം ആയാണ് അന്ന് കരുതിയത്.
ശബരിമലയിലെ ശ്രീകോവിലിന്റെ വാതില്‍ കട്ടിള എന്നൊക്കെ പറഞ്ഞാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
പണപ്പിരിവ് ശ്രദ്ധയിൽ പെട്ടിട്ടില്ല. അങ്ങനെയുള്ള കാര്യങ്ങൾ അറിവില്ല’ – ജയറാം പറഞ്ഞു.
ജയറാം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് നടന്റെ പ്രതികരണം

അതിനിടെ സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി തന്ത്രി കുടുംബാംഗമായ കണ്ഠര് മോഹനരും രംഗത്ത് വന്നു . സ്വർണ്ണം ചെമ്പായതിനെ- കുറിച്ച് ഉദ്യോഗസ്ഥർ പറയട്ടെയെന്ന് കണ്ഠര് മോഹനര് പ്രതികരിച്ചു. ദ്വാരപാലക വിഗ്രഹം ഉൾപ്പെടെ എല്ലാം സ്വർണം പൂശിയതായിരുന്നു. ഒരു വർഷമെടുത്താണ് നിർമ്മാണ പ്രവർത്തനം നടത്തിയത്. 30 കിലോ സ്വർണം വിജയ്മല്യ ഇതിനായി സമർപ്പിച്ചിരുന്നു . ദ്വാരപാലകശിൽപം സ്വർണമായിരുന്നുവെന്ന കാര്യത്തിൽ സംശയമില്ലെന്നും കണ്ഠര് മോഹനര് പറഞ്ഞു. അതെ സമയം ശബരിമല സ്വര്‍ണപ്പാളിയുടെ സ്പോണ്സര്മാരില് ഒരാളായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഭൂമി ഉള്‍പ്പെടെയുള്ള ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് ഉണ്ടെന്നാണ് കണ്ടെത്തൽ


