
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി കോടതി. ദേശീയ മക്കള്‍ ശക്തി കക്ഷിയുടെ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. കരൂര്‍ ദുരന്തം ഡിഎംഎസ്കെയെ ബാധിച്ചിട്ടില്ലല്ലോയെന്നായിരുന്നു ഹർജി പരിഗണിക്കവെ ഹൈക്കോടതിയുടെ ചോദ്യം. പൊലീസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം എങ്ങനെ സിബിഐക്ക് വിടാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. സിബിഐ അന്വേഷണ ആവശ്യം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കരൂരിൽ ശനിയാഴ്ച വൈകുന്നേരം നടന്ന വിജയ്-യുടെ രാഷ്ട്രീയറാലിക്കിടെയാണ് രാജ്യത്തെ നടുക്കിയ 41 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര് എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിക്കുകയായിരുന്നു. അതേ സമയം വിജയ്ക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. വിജയ്ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്നും രാഷ്ട്രീയ യോഗങ്ങളിലെ അപകടത്തില്‍ പാര്‍ട്ടികളുടെ ഉന്നത നേതാക്കളെ പ്രതിയാക്കുന്നത് ശരിയല്ലെന്നുമുള്ള നിലപാടിലാണ് സ്റ്റാലിന്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രേരിതമായ നടപടി എന്ന ആരോപണത്തിന് പഴുത് നല്‍കരുതെന്നും സര്‍ക്കാര്‍ തീരുമാനമുണ്ട്. വിജയ്യുടെ ഗൂഢാലോചനാ വാദം അവഗണിച്ച് മുന്നോട്ട് പോകാനാണ് നിലവില്‍ തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം



