
അലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് സുരേഷ് ഗോപിയെ കഴിഞ്ഞദിവസം നേരിട്ട് സുരേഷ് ഗോപിയുടെ വീട്ടിലെത്തിക്ഷണിച്ചിരുന്നു. എന്നാൽ സംഗമത്തിലേക്ക് ക്ഷണിച്ചോ എന്ന ചോദ്യത്തിന് മറുപടി ദേവസ്വം ബോർഡ് പ്രസിഡന്റ് പറയണമെന്നും ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ലെന്നും സുരേഷ് ഗോപി ചോദിച്ചു.

എന്നാൽ അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിപാടിയാണെന്നാണ് സംഘപരിവാര്‍ നിലപാട്. അതിനാൽതന്നെ സുരേഷ് ഗോപി പങ്കെടുക്കരുതെന്ന നിലപാടാണ് ബിജെപി നേതൃത്വത്തിനുള്ളത്. എഡിഎം ഡോ അരുൺ എസ് നായർക്കാണ് ഏകോപന ചുമതല. എഡിജിപി എസ് ശ്രീജിത്തിനാണ് സംഗമത്തിന്റെ സുരക്ഷാ ചുമതല. പമ്പാ തീരത്ത് ഈമാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. രാഷ്ട്രീയ വിവാദങ്ങൾക്കിടെ ആഗോള അയ്യപ്പ സംഗമത്തിന്റേതായ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.


