
തൃശൂർ: പീച്ചി പൊലീസ് സ്റ്റേഷനിലെ മർദ്ദനത്തിന് പിന്നാലെ പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ഹോട്ടൽ ഉടമ ഔസേപ്പ്. ഹോട്ടലിനെതിരെ വ്യാജപരാതി ഉന്നയിച്ച ആൾ മുഖേന അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി ഔസേപ്പ് പറഞ്ഞു. ഇതിൽ മൂന്ന് ലക്ഷം രൂപ പൊലീസിനും രണ്ട് ലക്ഷം അയാൾക്കുമാണെന്നാണ് പരാതിക്കാരൻ പറഞ്ഞതെന്ന് ഔസേപ്പ്വ്യക്തമാക്കി. തന്റെ ഹോട്ടൽ ജീവനക്കാരെ മർദിച്ച എസ് ഐ രതീഷിനെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും ഔസേപ്പ് ആവശ്യപ്പെട്ടു.

ഹോട്ടടലിലെത്തി ഭക്ഷണം കഴിച്ചതിന് പിന്നാലെ പാലക്കാട് സ്വദേശിയാണ് വ്യാജ പരാതി ഉന്നയിച്ചത്. ഇയാൾ ഹോട്ടലിൽ ബഹളം വെച്ചതോടെ ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിളിച്ചെങ്കിലും അവർ വന്നില്ല. തുടർന്നാണ് ഹോട്ടൽ മാനേജരും ഡ്രൈവറും പരാതി നൽകാൻ പീച്ചി സ്റ്റേഷനിലെത്തിയത്. എന്നാൽ പ്രശ്നമുണ്ടാക്കിയ ആൾക്കൊപ്പമാണ് എസ് ഐ നിന്നത്. ഹോട്ടൽ മാനേജരേയും ഡ്രൈവറേയും എസ് ഐ മുഖത്തടിച്ചു. ആദ്യം ഫ്ളാസ്കുകൊണ്ട് തലയ്ക്കടിക്കാനും ശ്രമിച്ചു.സംഭവം അറിഞ്ഞ് സ്റ്റേഷനിലേക്ക് എത്തിയ തന്നെയും മകനേയും പൊലീസ് ഭീഷണിപ്പെടുത്തി. മകനെ ലോക്കപ്പിലിട്ടെന്നും ഔസേപ്പ് പറഞ്ഞു.
തല്ലുകിട്ടിയ രണ്ടുപേർക്കും ചികിത്സ നൽകിയിരുന്നു. എസ് ഐ മാനസികരോഗിയെ പോലെ അലറിവിളിച്ചാണ് പെരുമാറിയതെന്നും ഔസേപ്പ് പറഞ്ഞു. പ്രശ്നം സംബന്ധിച്ച് സംസാരിക്കാൻ എസ് ഐയുടെ മുറിയിലെത്തിയപ്പോൾ അദ്ദേഹം ഭീഷണിപ്പെടുത്തി. ജീവനക്കാർക്കും മകനുമെതിരെ കേസ് എടുക്കാതിരിക്കാൻ പണം നൽകി ഒത്തുതീർപ്പാക്കണമെന്ന് എസ് ഐ പറഞ്ഞു. വധശ്രമം ചുമത്തി കേസ് എടുക്കുമെന്നും പോക്സോ കേസ് അടക്കം ചുമത്തുമെന്നും എസ് ഐ പറഞ്ഞു. ശനിയാഴ്ച ആയതിനാൽ ജാമ്യം പോലും ലഭിക്കില്ലെന്നാണ് എസ് ഐ പറഞ്ഞത്. പിന്നാലെയാണ് ഭയന്ന് പണം നൽകാൻ തീരുമാനിച്ചതെന്നും ഔസേപ്പ് പറഞ്ഞു.


