
തൃശൂർ: കുന്നംകുളം സ്റ്റേഷനിൽ നടന്ന പൊലീസ് ഗുണ്ടായിസത്തിന്റെ ദൃശ്യങ്ങളാണിപ്പോൾ പുറത്ത് വന്നത്. പൊലീസിന്റെ ഭീഷണിയെ ചോദ്യം ചെയ്തതിന്
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെയാണ് പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദിക്കുകയും
പരിക്കേൽപ്പിക്കുകയും ചെയ്തത്. 2023 ഏപ്രിൽ 5നാണ് സംഭവം. 2 വർഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ വിവരാവകാശ നിയമ പ്രകാരമാണ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരാതിക്കാരന് ലഭിച്ചത്.

എസ്ഐ നുഹ്മാന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. ചൊവ്വന്നൂരിൽ വെച്ച് വഴിയരികിൽ നിന്നിരുന്ന ചെറുപ്പക്കാരെ പൊലീസ് ഭീഷണിപ്പെടുത്തിയത് മണ്ഡലം പ്രസിഡണ്ടായ സുജിത്ത് ചോദിക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന എസ്. ഐ. നുഹ്മാൻ സുജിത്തിനെ ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ഷർട്ടും മുണ്ടും അഴിച്ച നിലയിലാണ് സുജിത്തിനെ സ്റ്റേഷനിലെത്തിച്ചത്. സ്റ്റേഷനിൽ എത്തിയതും പൊലീസുകാർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. കുനിച്ചു നിർത്തി സുജിത്തിന്റെ പുറത്തും മുഖത്തുമടക്കം അടിക്കുന്നത് ദൃശ്യത്തിലുണ്ട്.

മര്‍ദ്ദനം പുറത്ത് അറിയാതിരിക്കാന്‍ വ്യാജ എഫ്ഐആർ ഉണ്ടാക്കി സുജിത്തിനെ ജയിലിൽ അടക്കാനായിരുന്നു പൊലീസ് നീക്കം. ഇതിനായി സുജിത്ത് മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ച് എഫ്ഐആര്‍ ഉണ്ടാക്കി. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. കോടതി നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചുവെന്നും വ്യക്തമായി.
തുടര്‍ന്ന് ക്രൂര മര്‍ദ്ദനത്തിനെതിരെ സുജിത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. പിന്നീട് കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്. കേസ് വിചാരണ ഘട്ടത്തിലാണിപ്പോൾ. ഇതിന് പിന്നാലെയാണ് വിവരാവകാശ പ്രകാരം മര്‍ദ്ദന ദൃശ്യങ്ങൾ സുജിത്തിന് ലഭിച്ചത്.
ഇത്രയൊക്കെ വിവാദമായ സംഭവം ആയിട്ടും അതിക്രൂര മർദ്ദനം നടത്തിയ പോലീസുകാർക്കെതിരെ കാര്യമായ നടപടികൾ ഒന്നും കൈക്കൊണ്ടിട്ടില്ല ഇതുവരെ. മർദ്ദിച്ച പോലീസുകാരിൽ ചിലരെ തൃശ്ശൂരിൽ തന്നെയുള്ള സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. പോലീസുകാർ കുറ്റക്കാരാണെന്ന് ഡിപ്പാർട്ട്മെന്റെ തല അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും കാര്യമായ ഒരു നടപടിയും എടുത്തിട്ടില്ല.

