
കണ്ണൂർ; കണ്ണപുരം കീഴറയിലെ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ACPയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. അപകട സ്ഥലം സിറ്റി പൊലീസ് കമ്മീഷണർ ഉള്‍പ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജ് വ്യക്തമാക്കി.

സ്ഫോടനത്തില്‍ മരിച്ച മുഹമ്മദ് ആഷാം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അനൂപ് മാലിക്കിന്റെ ഭാര്യാ സഹോദരനാണ്. അനൂപ് മാലികിനെതിരെ സ്ഫോടക വസ്തു നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഇയാള്‍ 2016ലെ സ്ഫോടന കേസിലും പ്രതിയാണ്. 17 വീടുകൾക്ക് കോടികളുടെ നാശനഷ്ടം ഉണ്ടാക്കിയ വൻ സ്ഫോടനം ആയിരുന്നു പൊടിക്കുണ്ടിലെ ജന നിബിഡ മേഖലയില്‍ നടന്നത്. അന്നും വാടകയ്ക്ക് വീടെടുത്തായിരുന്നു സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചത്. അനൂപ് മാലിക്കിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ 4 പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ കേസിന്റ വിചാരണ നടപടികള്‍ നടന്നു വരുന്നതിനിടെയാണ് സമാനമായ
രീതിയിൽ മറ്റൊരു വന്‍ സ്ഫോടനവും മരണവും ഉണ്ടായിരിക്കുന്നത്. നിരവധി കേസുകളിൽ പ്രതിയായ അനൂപ് മാലിക്കിന് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി. അനൂപിന് ചില രാഷ്ട്രീയ പാർട്ടികളുടെ സഹായം ഉണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു

ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സ്ഫോടനമുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു.ജനലുകളും വാതിലുകളുമെല്ലാം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
വീട്ടില്‍ ഇരുചക്ര വാഹനങ്ങളില്‍ ആളുകള്‍ വന്നു പോകുന്നത് കാണാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടില്‍ താമസിക്കുന്ന ആളുകളെക്കുറിച്ച് പ്രദേശവാസികള്‍ക്ക് കൂടുതല്‍ അറിവുണ്ടായിരുന്നില്ല. ഒരു വർഷത്തിന് മുൻപാണ് അനൂപിന് വീട് വാടകയ്ക്ക് നൽകിയതെന്ന് വീട്ടുടമ പറഞ്ഞു

