
കണ്ണൂര്‍; ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്യാട്ടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും 2 ലക്ഷം രൂപയും കവർന്നത്. അന്നേ ദിവസം വീട്ടിലെ മരുമകളായ ദര്‍ഷിത മകള്‍ അരുന്ധതിയുമൊത്ത് കര്‍ണാടകയിലെ സ്വന്തം നാടായ ഹുന്സുര് ബിലിക്കരെയിലേക്ക് പോയിരുന്നു. അന്ന് വൈകീട്ടോടെയാണ് വീട്ടില്‍ മോഷണം നടന്ന വിവരമറിയുന്നത്. ഇവരുടെ ഭര്‍ത്താവ് സുഭാഷ് വിദേശത്താണ്. ഭര്‍തൃമാതാവും സഹോദരനുമാണ് കണ്ണൂരിലെ വീട്ടിലുണ്ടായിരുന്നത്. ഇരുവരും ജോലിക്ക് പോയ സമയത്താണ് വീട്ടില്‍ മോഷണം നടന്നത്. വീടിന്റെ വാതില്ക്കല് ചവിട്ടിയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നാണ് കളളന് അകത്ത് കയറിയത്.

അതിനിടെയാണ് ഇന്നലെ ദര്‍ഷിതയെ കർണാടക സാലിഗ്രാമത്തിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൂര കൊലപാതകം നടത്തിയ ഇവരുടെ സുഹൃത്ത് സിദ്ധരാജു(22)വിനെ സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. പെരിയപട്ടണം സ്വദേശിയാണ് സിദ്ധരാജു. സാലിഗ്രാമിലെ ലോഡ്ജില്‍വെച്ച് ദര്‍ഷിതയും സുഹൃത്തും തമ്മില്‍ വാക് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ ദര്‍ഷിതയുടെ വായില്‍ ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി ഷോക്കേല്‍പ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. മുഖമുൾപ്പെടെ ഇടിച്ച് വികൃതമാക്കിയ അവസ്ഥയിലായിരുന്നു.ഫോണ്‍ ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാനായിരുന്നു ശ്രമം. കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതും ഭർത്താവിനൊപ്പം ദർഷിത വിദേശത്തേക്ക് പോകാൻ തീരുമാനിച്ചതും സിദ്ധരാജുവിനെ പ്രകോപിപ്പിച്ചിരുന്നു. ഇലക്ട്രിക് ജോലികൾ ചെയ്യുന്ന വ്യക്തി കൂടിയാണ് സിദ്ധരാജു. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നതായി പോലീസ് അറിയിച്ചു.

ഇരിക്കൂര്‍ സി ഐ രാജേഷും സംഘവുമാണ് മോഷണം അന്വേഷിച്ചിരുന്നത്. മോഷണം നടന്ന വീട്ടിലേക്ക് പുറത്തു നിന്നാരും അതിക്രമിച്ചു കടന്നതിന്റെ ലക്ഷണങ്ങളൊന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നില്ല. കർണാടകയിലേക്ക് പോയ ദർഷിതയെ പൊലീസ് പല തവണ വിളിച്ചിട്ടും ബന്ധപ്പെടാനായിരുന്നില്ല. ദർഷിതയുടെ മേൽ സംശയം കൂടി വന്ന സാഹചര്യത്തിലാണ് യുവതി കൊല്ലപ്പെട്ട വിവരം കർണാടക പൊലീസ് ഇരിട്ടി പൊലീസിനെ അറിയിക്കുന്നത്. കുട്ടിയെ കർണാടകയിലെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് യുവതി സിദ്ധരാജുവിനൊപ്പം ലോഡ്ജിലേക്ക് പോയത്

