
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ കെസി വീരേന്ദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ അറസ്റ്റ് ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരം സിക്കിമില്‍ വെച്ചായിരുന്നു അറസ്റ്റ്. എംഎൽഎയുടെ 30-ഓളം സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്. റെയ്ഡിൽ വിദേശ കറൻസി ഉൾപ്പെടെ ഏകദേശം 12 കോടി രൂപയുടെ പണവും ആറ് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും 10 കിലോ വെള്ളിയും പിടിച്ചെടുത്തു.കൂടാതെ 17 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും സ്വത്ത് രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. റിപ്പോർട്ടനുസരിച്ച് ഇദ്ദേഹം നിരവധി ഓൺലൈൻ വാതുവെപ്പ് സൈറ്റുകൾ നടത്തിയിരുന്നതായും പണത്തിന്റെ സങ്കീർണ്ണമായ ഇടപാടുകൾ നടത്തിയതായും കണ്ടെത്തി. ഇദ്ദേഹത്തിന്റെ സഹോദരൻ കെ.സി. തിപ്പസ്വാമി ദുബായിൽ കോൾ സെന്ററുകളും ഗെയിമിങ് ബിസിനസ്സുകളും നടത്തിയിരുന്നതായും ആരോപണമുണ്ട്. ഈ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഗോവയിലെ അഞ്ച് കാസിനോകളിലും ഇഡി പരിശോധന നടത്തിയിരുന്നു. സിക്കിമിൽ നിന്നും അറസ്റ്റിലായ അദ്ദേഹത്തെ ബംഗളൂരുശാന്തിനഗറിലെ ഇഡി ഓഫീസിൽ എത്തിച്ചു. ഉടൻ കോറമംഗലയിലെ ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കും.



