
കണ്ണൂര്‍; കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം
18 ആയി. 905 പേരാണ് ക്യാമ്പുകളിൽ ഉള്ളത്. തളിപ്പറമ്പ്-8, ഇരിട്ടി-6, പയ്യന്നൂർ-3, തലശ്ശേരി-1 എന്നിങ്ങനെയാണ് താലൂക്ക് തലത്തിൽ ക്യാമ്പുകളുടെ കണക്ക്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 3) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
പറശ്ശിനിക്കടവ്-വളപട്ടണം പുഴയിൽ അതിശക്തമായ ഒഴുക്കുള്ളതിനാലും, മരത്തടികളടക്കം ഒഴുകിവരുന്നതിനാലും, ബോട്ടുകൾക്ക് കേടുപാടുകൾ
സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ, ഇന്ന് (03/08/2026) പറശ്ശിനിക്കടവ്-വളപട്ടണം മേഖലയിൽ ബോട്ട് സർവീസ് താത്കാലികമായി നിർത്തി വെച്ചു
മഴക്കെടുതിയിൽകണ്ണൂർ ജില്ലയിൽ ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തലശ്ശേരി കൈതേരിയിലെ കലാശപറമ്പത്ത് അപ്പു എന്ന രാരീഷ് (43) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് നടന്നു പോവുമ്പോള്‍ കാല് വഴുതി വെള്ളച്ചാലില്‍ വീണതിനെ തുടര്‍ന്നായിരുന്നു മരണം. ഇദ്ദേഹം വീട്ടില്‍ തനിച്ചായിരുന്നു താമസം. അതിനിടെ ശനിയാഴ്ച പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ ഹനീഫയെ ഇതുവരെ കണ്ടെത്താനായില്ല. പേരാവൂർ കാഞ്ഞിരപ്പുഴ യിൽ ഒഴുകി വരുന്ന തേങ്ങ ശേഖരിക്കുന്നതിനിടെ ആണ് ശക്തമായ കുത്തൊഴുക്കില്‍ ഹനീഫ പുഴയിൽ അകപ്പെട്ടത്.
വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, പായം ഗ്രാമപഞ്ചായത്തിലെ കിളിയന്തറ അഞ്ചേക്കർ പുനരധിവാസ ഭൂമിയിൽ വിള്ളൽ സന്ദർശിച്ചു. ഇവിടെ മുകൾ വരിയിലെ വലിയ മതിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന സ്ഥിതിയിലാണ്. മതിൽ വീണാൽ തൊട്ടടുത്ത വരിയിലെ ആറ് വീടുകൾ പൂർണമായും തകരും. ഈ വീടുകളിലെ ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്
പായം നരിമട ഉന്നതിയിലെ തകർന്ന വീടും മന്ത്രി സന്ദർശിച്ചു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ ആനപ്പന്തി വാർഡിലെ തൊട്ടിയിൽ കുഞ്ഞുമുഹമ്മദ്, തൊട്ടിയിൽ ബിൽക്കീസ് എന്നിവരുടെ തകർന്ന വീടുകളും മന്ത്രി നേരിൽ കണ്ടു. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദേശം നൽകി
പയ്യന്നൂർ താലൂക്കിലെ മൂന്ന് ക്യാമ്പുകളും കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ, പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞികൃഷ്ണൻ എന്നിവർ സന്ദർശിച്ചു.
പ്രതികൂല കാലാവസ്ഥയിൽ അടിയന്തിര ആവശ്യങ്ങൾക്ക് ഒഴികെ ജനങ്ങൾ വയനാട് യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു




