
തൃശൂര്‍: ചേലക്കര ഗ്രാമ പഞ്ചായത്തംഗം പി എന്‍ രാമചന്ദ്രനെയാണ് സിപിഎം പുറത്താക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്ത് ഭരണം നഷ്ടപ്പെടുത്തിയ സാഹചര്യത്തിലാണ് പുറത്താക്കല്‍ നടപടി. ചേലക്കര ഗ്രാമപഞ്ചായത്ത് 24 അംഗ ഭരണ സമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 12 വീതം അംഗങ്ങളാണുണ്ടായിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രാമചന്ദ്രന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ഗോപാലകൃഷ്ണന് വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ 13 വോട്ട് നേടി ടി. ഗോപാലകൃഷ്ണൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

വോട്ട് മാറി ചെയ്തത് അബദ്ധത്തില്‍ സംഭവിച്ച പിഴവാണെന്നാണ് രാമചന്ദ്രന്റെ വിശദീകരണം. അതേ സമയം പാര്‍ട്ടി വിപ്പ് ലംഘിച്ച് എതിര് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത് അതീവ ഗൗരവകരമായ വീഴ്ചയാണെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം വി മനോജ് കുമാര്‍ പ്രതികരിച്ചു.
യുഡിഎഫിന് ഭരണം കൈയില്‍ കൊണ്ടു കൊടുത്ത രാമചന്ദ്രനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. പുറത്താക്കല്‍ നടപടി കൂടാതെ കൂറുമാറ്റ നിരോധന നിയമ പ്രകാരം രാമചന്ദ്രനെ അയോഗ്യക്കാനുള്ള നടപടികളും സിപിഎം
സ്വീകരിക്കും എന്നാണറിയുന്നത്


