
കൊച്ചി ; വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിന് റോഡിൽ വെച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിച്ച ഡോക്ടർമാർ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലെ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്കുലർ തൊറാസിക് സർജൻ ഡോ. മനൂപ് എന്നിവർ ചേർന്നാണ് റോഡിൽവെച്ച് യുവാവിന് അടിയന്തര വൈദ്യസഹായം നൽകിയത്. കൊച്ചി തൃപ്പൂണിത്തുറയ്ക്ക് സമീപം ഉദയം പേരൂരിലായിരുന്നു കഴിഞ്ഞ ദിവസം സംഭവം നടന്നത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് യുവാവിന് പരിക്കേറ്റത്.
കൊല്ലം പുന്നല സ്വദേശിയായ വിനു ഡെന്നിസി(40)ന്റെ ജീവനാണ് ഡോക്ടര്‍ സംഘം രക്ഷിച്ചത്

വിവാഹം കഴിഞ്ഞുള്ള ആദ്യ ക്രിസ്മസ് ആഘോഷിക്കാന്‍ തെക്കന്‍ പറവൂരിലെ സെയ്ന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളിയിലേക്കുള്ള യാത്രയിലായിരുന്നു തോമനും ദിദിയയും. ഇതിനിടെയാണ് അപകടം കാണുന്നത്. പരിക്കേറ്റയാളുടെ കഴുത്ത് ഒരാള്‍ പ്രത്യേക രീതിയില്‍ പിടിച്ച് പരിചരിക്കുന്നത് തോമസും ദിദിയയും ശ്രദ്ധിച്ചു. ഇതോടെ അയാള്‍ ഡോക്ടറാണെന്ന് ദമ്പതികള്‍ക്ക് മനസിലായി. തുടര്‍ന്ന് ദമ്പതികളും ചികിത്സയില്‍ ഇടപെട്ടു. നാട്ടുകാരില്‍ നിന്ന് ലഭിച്ച റേസർ ബ്ലേഡും സ്ട്രോയും ഉപയോഗിച്ച് ശ്വാസനാളം തുറന്നാണ് ഡോക്ടർമാരുടെ സംഘം ജീവൻ രക്ഷിച്ചത്. തുടർന്ന് യുവാവിനെ വൈറ്റില വെൽകെയർ ആശുപത്രിയിൽ എത്തിക്കുകയുംചെയ്തു

സാധാരണയായി ആശുപത്രികളിലെ എമർജൻസി റൂമുകളിൽ ജീവൻ രക്ഷിക്കാനായി ചെയ്യുന്ന ‘ സർജിക്കൽ ക്രിക്കോതൈറോട്ടോമി’ എന്ന അടിയന്തര ചികിത്സയാണ് നല്‍കിയത് . ഡോക്ടർമാർ നാട്ടുകാരുടേയും പോലീസിന്റേയും സഹായത്തോടെയാണ് ഇത് ചെയ്തത്. ഹോളിവുഡ് സിനിമയായ നോബഡി, തമിഴ് സിനിമയായ മെര്‍സല്‍, വെബ് സീരീസായ ഗുഡ് ഡോക്ടര്‍ തുടങ്ങിയവയില്‍ കണ്ട രംഗങ്ങളാണ് ഡോക്ടര്‍മാര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പരീക്ഷിച്ചത്. ഡോക്ടര്‍മാരുടെ സമയോചിതമായ ഇടപെടലിന് വലിയ അഭിനന്ദനമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
അപകടത്തില്‍പ്പെട്ട യുവാവ് ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരികയാണ്

