
തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് അയച്ചത്. കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ഡ്രൈവർ യദു നൽകിയ സ്വകാര്യ അന്യായത്തിലാണ് നടപടി.
ഇരുവരെയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് യദു കോടതിയെ സമീപിച്ചത്. കെഎസ്ആർടിസി
തടഞ്ഞ സംഭവത്തിൽ ആര്യാ രാജേന്ദ്രന്റെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിലെ പ്രതി. ആര്യയെയും സച്ചിൻ ദേവിനെയും ആര്യയുടെ ബന്ധുവായ സ്ത്രീയെയും ഒഴിവാക്കിയാണ് പോലീസ് ജെഎഫ്എംസി കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. ഇവര്‍ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയിട്ടില്ലെന്നാണ് കന്റോൺമെന്റ് പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നത്. ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചതിനെ പ്രതിരോധിക്കുകയായിരുന്നു ആര്യയും സച്ചിൻ ദേവ് എംഎൽഎയും എന്നാണ് കുറ്റപത്രത്തിലുള്ളത്. ഇതിനെതിരെയാണ് യദു കോടതിയെ സമീപിച്ചത്

ഏപ്രിൽ 27-നാണ് സംഭവം നടന്നത്. പാളയത്ത് വെച്ച് രാത്രി മേയറും ഭർത്താവും അടക്കം സഞ്ചരിച്ച കാര്‍ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്ക് തർക്കമുണ്ടാവുകയുമായിരുന്നു. കേസിലെ ഏക പ്രതി അരവിന്ദിനെതിരെ വാഹനം തടഞ്ഞു എന്ന കുറ്റം മാത്രമാണ് ചുമത്തിയത്. സീബ്ര ലൈനിൽ വാഹനം നിർത്തിയിട്ട് യാത്ര തടഞ്ഞതാണ് കുറ്റം. അസഭ്യം പറയൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ഒഴിവാക്കിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതെന്നാണ് പോലീസിന്റെ വാദം


