
പാലക്കാട്: ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയാഹ്ലാദത്തിൽ നൃത്തം ചെയ്തതിൽ വിശദീകരണവുമായി സിപിഎം സ്ഥാനാർഥി അഞ്ജു സന്ദീപ്.
ബിജെപി സ്ഥാനാർഥിയുടെ ആഹ്ളാദ പ്രകടനത്തിൽ പങ്കെടുത്തത് പാർട്ടി നോക്കിയല്ല, വ്യക്തിപരമായ ബന്ധങ്ങൾ കാരണമാണെന്നാണ് അഞ്ജുവിന്റെ വിശദീകരണം. മണ്ണാർക്കാട് നഗരസഭ വാർഡ് 24ൽ സിപിഎം സ്ഥാനാർത്ഥിയായിരുന്നു അഞ്ജു സന്ദീപ്.
സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റ അഞ്ജു കാരാക്കുറിശ്ശി പഞ്ചായത്തിൽ 6ാം വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർഥി സ്നേഹ രാമകൃഷ്ണന്റെ വിജയാഘോഷ റാലിയിലാണ് പങ്കെടുത്തത്. ബിജെപിക്കാര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന അഞ്ജുവിന്റെ വീഡിയോ പുറത്ത് വന്നത് ചര്‍ച്ചയായിരുന്നു

ഞാൻ ഇപ്പോഴും കമ്യൂണിസ്റ്റുകാരിയായിട്ട് തന്നെയാ നിൽക്കുന്നത്, സഖാവായിട്ട് തന്നെയാണ് നിൽക്കുന്നത്. മരിക്കുന്നതുവരെ സഖാവായിരിക്കുമെന്നും അഞ്ജു പറഞ്ഞു. ”ആ ചേച്ചിയുടെ കൂടെ ഞാൻ വർഷങ്ങളായി തിരുവാതിരയും കൈകൊട്ടിക്കളിയും കളിക്കാറുണ്ട്. ആ സന്തോഷത്തിൽ പങ്ക് ചേരാൻ പോയി എന്ന് മാത്രമേ ഉള്ളൂ. അല്ലാതെ എന്റെ പാർട്ടിയെ ഒഴിവാക്കിക്കൊണ്ടോ പാർട്ടിക്ക് എതിരായിക്കൊണ്ടോ അല്ല പോയത്. രാഷ്ട്രീയക്കാർ ഇങ്ങനെ ഒരു വാർത്ത കൊണ്ടു വരുമെന്ന് അറിയില്ലായിരുന്നു. ഇങ്ങനെയൊക്കെയാവുമെന്ന് പ്രതീക്ഷിച്ചില്ല..’ അഞ്ജു വ്യക്തമാക്കി


