
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ വീണ്ടും സിപിഎം – സിപിഐ കല്ല് കടി. പദ്ധതി മരവിപ്പിച്ചതായി അറിയിച്ച് കൊണ്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചതിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.”കത്തയച്ചത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന കണ്ടു, കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്നമല്ല,ജവഹര്‍ലാല്‍ നെഹ്റു മകള്‍ ഇന്ദിരയ്ക്ക് അയച്ച കത്താണ് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു കത്ത്. അത് കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇതാണെന്ന നിലയിലും ചിലര്‍ വിലയിരുത്തുന്നു. ഇടതുപക്ഷ രാഷ്ട്രീയം നന്നായി സിപിഎമ്മിന് അറിയാം.
വിഷയത്തില്‍ ആരെങ്കിലും ഇടപെട്ടത് കൊണ്ട് ഒരു കൂട്ടരുടെ പരാജയവും മറ്റൊരു കൂട്ടരുടെ വിജയവുമായി വിശ്വസിക്കുന്നില്ല” മന്ത്രി
വി ശിവൻകുട്ടി വ്യക്തമാക്കി. പിഎം ശ്രീയില്‍ കേന്ദ്രത്തിന് കത്തയച്ചതിന് പിന്നാലെ എല്‍ഡിഎഫിന്റെ രാഷ്ട്രീയം എന്താണെന്ന് സിപിഐക്ക് അറിയാം എന്നായിരുന്നു ബിനോയ് വിശ്വം പ്രതികരിച്ചത്. സിപിഎം എന്തെല്ലാം ചെയ്യുമെന്ന് സിപിഐക്ക് അറിയാം. ഇത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണ്. സിപിഐക്കും സിപിഎമ്മിനും ഈ വഴിയല്ലാതെ മറ്റ് വഴികളില്ല. ഇത് ആര്‍എസ്എസ് അജണ്ടയ്ക്ക് എതിരായ വിജയമാണ് എന്നും ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു

ബിനോയ് വിശ്വത്തിന് മറുപടിയായി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി 45 മിനിറ്റ് ചര്‍ച്ച നടത്തിയെന്നും
കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കുകയാണ് ലക്ഷ്യമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ” കേന്ദ്രത്തിന്
കത്ത് കൊടുത്ത സ്ഥിതിക്ക് ഇനി ബാക്കി ഫണ്ട് കിട്ടുമോയെന്ന കാര്യത്തില്‍ സംശയം ഉണ്ട്. എസ്എസ്കെ ഫണ്ടായ 1157 കോടി കിട്ടിയില്ലെങ്കില്‍ ഉത്തരവാദിത്തം തനിക്കില്ല. ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തോളണം. ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് മാത്രമെ ഉത്തരവാദിത്തം ഉള്ളൂവെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുആര്എസ്എസ് അജണ്ട കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പ്രശ്നമേയില്ല. ആരൊക്കെയാണ് സമരം ചെയ്തത്, ഇടപെട്ടത്, ത്യാഗം സഹിച്ചത്, എന്ന് അളക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. ജനം തീരുമാനിക്കട്ടെ..” –
വി ശിവന്‍കുട്ടി വ്യക്തമാക്കി

അതിനിടെ മന്ത്രിവി ശിവൻകുട്ടിക്ക് മറുപടിയുമായി ബിനോയ് വിശ്വവും രംഗത്തെത്തി.
ശിവൻകുട്ടിയെ പഠിപ്പിക്കാൻ താൻ ആളല്ലെന്നും എം വി ഗോവിന്ദനും എം എ ബേബിയും പഠിപ്പിക്കട്ടെയെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു
”പി എം ശ്രീയില്‍ പ്രകോപനം ഉണ്ടാക്കുന്നത് പ്രിയപ്പെട്ട സഖാവ് വി ശിവന് കുട്ടിയാണെങ്കില്‍ കൂടി പ്രകോപിതരാകാന്‍ സിപിഐ ഇല്ല.
എല്‍ഡിഎഫ് രാഷ്ട്രീയമാണ് വലുത്. ശിവന്‍കുട്ടി ഇത്രയും പ്രകോപിതനാകാന് എന്താണ് കാരണമെന്ന് അറിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
‘പ്രകോപനം ഉണ്ടാക്കാനോ പ്രകോപിതനാകാനോ ഞാനില്ല. അതിന് എന്റെ രാഷ്ട്രീയബോധം എന്നെ അനുവദിക്കുന്നില്ല. ആ രാഷ്ട്രീയബോധം എല്ലാവര്ക്കും വേണം. പിഎം ശ്രീയെക്കുറിച്ച് വി ശിവന്‍കുട്ടിയെ എന്തെങ്കിലും പഠിപ്പിക്കാന്‍ ഞാന്‍ ആളല്ല. പി എം ശ്രീയെ സംബന്ധിച്ചുള്ള ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ എന്തുകൊണ്ടും അര്‍ഹരും അവകാശമുള്ളവരും എംഎ ബേബിയും ഗോവിന്ദന് മാഷുമാണ്. അവര്‍ പഠിപ്പിക്കട്ടെ..’ സിപിഐ
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി

