
കണ്ണൂര്‍; ശബരിമല സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് നാല് മേഖലാ ജാഥകളാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. അതില്‍ കാസര്‍ഗോഡ് നിന്നുള്ള മേഖലാജാഥയുടെ ക്യാപ്റ്റനാണ് കെ. മുരളീധരന്.
ഇന്നലെ ചെങ്ങന്നൂരില്‍ മുരളീധരന്റെ മേഖലാ ജാഥ സമാപിച്ചു. ഇന്ന് പന്തളത്ത് ജാഥകള്‍ സംയുക്തമായി സമാപിക്കാനിരിക്കെയാണ് കോണ്‍ഗ്രസില്‍ വലിയ കല്ലുകടി ഉണ്ടായിരിക്കുന്നത്.
ഇന്നലെ വൈകുന്നേരത്തോടെ ജാഥാ സമാപനത്തിന് ശേഷം ഇന്നത്തേക്ക് നില്‍ക്കാതെ മുരളീധരൻ ഗുരുവായൂരിലേക്ക് പോകുകയാണുണ്ടായത്. ഇന്ന് യുഡിഎഫിന്റെ നേതൃത്വത്തിലാണ് നാല് ജാഥാ ക്യാപ്റ്റന്മാരും ഒന്നിച്ച് ചെങ്ങന്നൂരില്‍ നിന്ന് പന്തളത്തേക്ക് ജാഥ നടത്താന്‍ തീരുമാനിച്ചിരുന്നത്. രാഷ്ട്രീയമായി കോണ്‍ഗ്രസിന് ലാഭമുണ്ടാക്കാന്‍ കഴിയും എന്നതിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഒരു ജാഥയില്‍ നിന്ന് ക്യാപ്റ്റന്‍ തന്നെ വിട്ടു നിന്നത് ഏറെ ചര്‍ച്ചയായിട്ടുണ്ട്

കെ മുരളീധരന് കെപിസിസി ഭാരവാഹി പട്ടികയില്‍ നിന്ന് തന്റെ പ്രതിനിധിയെ ഒഴിവാക്കിയതിലുള്ള അതൃപ്തി തന്നെയാണ് പ്രകടിപ്പിച്ചത് എന്നാണ് വിവരം. ഭാരവാഹിപ്പട്ടിക പുറത്തു വന്നപ്പോള്‍ തന്നെ മുരളീധരന് കടുത്ത അതൃപ്തിയിലായിരുന്നു. കെഎം ഹാരിസിന്റെ പേരായിരുന്നു കെ മുരളീധരന് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുന്നോട്ട് വച്ചത്. ഇത് പരിഗണിച്ചില്ലെന്ന് മാത്രമല്ല, കാലങ്ങളോളമായി കെ മുരളീധരനോടൊപ്പമുള്ള മരിയാപുരം ശ്രീകുമാറിനെ ഒഴിവാക്കുകയും ചെയ്തു. ഇത്തരത്തില്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടു എന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് മുരളീധരൻ ജാഥയിൽ നിന്ന് വിട്ടു നിൽക്കുന്നത് എന്നാണ് മുരളീധരനുമായി അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്


