
ഡല്‍ഹി: ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ ഡോ. പാര്‍ത്ഥ സാരഥി എന്ന ചൈതന്യാനന്ദയ്ക്ക് വീണ്ടും കുരുക്ക്. പരാതി നല്കിയ വിദ്യാര്‍ത്ഥിനികളില്‍ ഒരാളുമായുള്ള ചാറ്റില്‍ ദുബായ് ഷെയ്ഖിന്റെ കാര്യം ചൈതന്യാനന്ദ പരാമര്‍ശിക്കുന്നതാണ് പുതിയ കുരുക്കാകുന്നത്. ഈ ചാറ്റ് പൊലീസ് കണ്ടെടുത്തു. ദുബായ് ഷെയ്ഖിന് സെക്സ് പാര്‍ട്ണറെ ആവശ്യമുണ്ടെന്നും സുഹൃത്തുക്കളില്‍ ആരെങ്കിലും ഉണ്ടോ എന്നുമാണ് ഇയാള്‍ ചോദിക്കുന്നത്. ആരുമില്ലെന്ന് പെണ്‍കുട്ടി പറയുമ്പോള്‍ എങ്ങനെ കണ്ടെത്താന്‍ സാധിക്കുമെന്ന് ഇയാള്‍ തിരിച്ച് ചോദിക്കുന്നു. അതിന് പെണ്‍കുട്ടി അറിയില്ലെന്ന് മറുപടി പറയുന്നു. എന്നാല്‍ ഇയാള്‍ വീണ്ടും ചാറ്റ് തുടരുകയാണ്. ക്ലാസ്മേറ്റ്, ജൂനിയര്‍ അങ്ങനെ ആരെങ്കിലുമുണ്ടോ എന്നും ഇയാള്‍ ചോദിക്കുന്നു. മറ്റൊരു ചാറ്റില്‍ തന്റെ കൂടെ ഡിസ്കോ ഡാന്‍സ് കളിക്കാന്‍ കൂടൂ എന്നും ഇയാള്‍ പറയുന്നുണ്ട്. ഇതിന് പുറമേ അശ്ലീല ചാറ്റുകളും ഇയാള്‍ വിദ്യാര്‍ത്ഥിനികളുമായി നടത്തിയുണ്ട്.

ഡല്‍ഹി വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് റിസര്‍ച്ചിലെ മുൻ ഡയറക്ടറായ ചൈതന്യാനന്ദയ്ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങളാണ് എഫ്ഐആറിലുള്ളത്. ഇയാള്‍ രാത്രി വൈകിയും പെണ്‍കുട്ടികളെ മുറിയിലേക്ക് വിളിച്ചു വരുത്തിയതായി എഫ്ഐആറില്‍ പറയുന്നുണ്ട്. വിദേശയാത്രകളില്‍ കൂടെ വരാന്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ചിരുന്നു. വനിതാ ഹോസ്റ്റലുകളില്‍ ആരും കാണാതെ ഇയാള്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നതായും എഫ്ഐആറില്‍ ഉണ്ട്. 17 വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമ പരാതി നല്‍കിയതിന് പിന്നാലെ സെപ്റ്റംബര്‍ 28നാണ് ചൈതന്യാനന്ദയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഐപാഡും മൂന്ന് മൊബൈല്‍ ഫോണുകളും ഒരു വോള്‍വോ കാറും പൊലീസ് പിടിച്ചെടുത്തിരുന്നു.


