
കണ്ണൂര് : ജീവിതത്തിന്റെ ഭാഗമാണ് ജയവും തോൽവിയുമെല്ലാം. പക്ഷേ പലപ്പോഴും പരാജയത്തേക്കാൾ നൊമ്പരപ്പെടുത്തുക മറ്റുള്ളവരുടെ പരിഹാസവും കളിയാക്കലും ആണെന്നതാണ് യാഥാർത്ഥ്യം. ഇതുമായി ബന്ധപ്പെട്ട് മികച്ചൊരു സന്ദേശം ഉത്തരക്കടലാസിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യമർപ്പിച്ചിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി. തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു പി സ്കൂളിലെ മൂന്നാം ക്ലാസുകാൻ അഹാൻ അനൂപാണ് വൈറലായ കുട്ടി.

ഉത്തരക്കടലാസിൽ ഈയൊരു വരിയാണ് അഹാന് എഴുതിയത്, “ജയിച്ചവർ തോറ്റവരെ കളിയാക്കരുത് ” നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു കളിയിലെ നിയമാവലി എഴുതുകയെന്നതായിരുന്നു ചോദ്യപ്പേപ്പറിലെ ചോദ്യം. അഹാന് എഴുതിയത് നാരാങ്ങാ സ്പൂൺ കളിയുടെ നിയമാ വലിയായിരുന്നു. ഈ നിയമാവലിയുടെ കൂട്ടത്തിലാണ് ‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്..’ എന്നവരി കൂടി ചേർത്തെഴുതിയത്. ‘നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങനെയൊക്കെയാണ് മുന്നേറുന്നത്. ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസിൽ പകർത്തിയ കുട്ടി’ എന്ന ക്യാപ്ഷനോടെയാണ് മന്ത്രി ഇത് ഫേസ്ബുക്കിൽ പങ്ക് വെച്ചത്.


