
ദില്ലി; പുത്തൻ മഹീന്ദ്ര ഥാർ ജീപ്പ് വാങ്ങിയ യുവതിയുടെ വാര്‍ത്തയും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷോറൂമിന്റെ മുകളിലെ നിലയില്‍ വെച്ച് അബദ്ധത്തിൽ ആക്സിലേറ്റർ കൂടുതല്‍ ചവിട്ടിയതിനെ തുടർന്ന് വാഹനവും യുവതിയും താഴെ റോഡിലേക്ക് കുതിക്കുകയായിരുന്നു.
ഡൽഹിയിലെ നിർമ്മൻ വിഹാറിലെ മഹീന്ദ്ര ഷോറൂമിൽ വെച്ചാണ് അപകടം നടന്നത്. മാണി പവാർ എന്ന യുവതിയാണ് 27 ലക്ഷത്തിന്റെ പുതിയ ഥാർ വാങ്ങിയത്. ഷോറൂമിൽ നിന്ന് കാർ എടുക്കുന്നതിന് മുൻപ് ടയറിന്റെ അടിയിൽ ചെറുനാരങ്ങ വെച്ച് ഐശ്വര്യമായി യാത്ര തുടങ്ങുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ച അപകടം നടന്നത്.

ഷോറൂമിന്റെ ഒന്നാം നിലയിലായിരുന്നു വാഹനം. ടയറിന്റെ അടിയിൽ ചെറുനാരങ്ങ വെച്ച് ഥാര്‍ പതുക്കെ മുന്നോട്ടെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു യുവതി.ഇവരുടെ ജീവിതത്തിലെ സ്വപ്ന സാക്ഷാത്കാരത്തിന് അനുഗ്രഹം ചൊരിഞ്ഞ് ബന്ധുക്കളും ഷോറൂം ജീവനക്കാരും ചുറ്റുമുണ്ട്. പക്ഷേ യുവതി അബദ്ധത്തിൽ ആക്സിലറേറ്റർ കൂടുതലായി അമർത്തി. ഇതോടെ കണ്ടു നിന്നവരെയെല്ലാം ഞെട്ടിച്ച് മുന്നോട്ടു കുതിച്ച ഥാര്‍ ഷോറൂമിൻ്റെ ചില്ല് തകർത്ത് ഒന്നാം നിലയിൽ നിന്ന് താഴെ റോഡരികിലെ നടപ്പാതയിലേക്ക് വീഴുകയായിരുന്നു. വാഹനം തല കീഴായാണ് റോഡില്‍ കിടന്നത്.

യുവതിയും ഷോറൂം ജീവനക്കാരനായ വികാസുമാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. ഇരുവരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയയ്ക്കുകയും ചെയ്തു. റോഡരികിലുണ്ടായിരുന്ന ഒരു ബൈക്കിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. വാഹനത്തിലെ എയർബാഗുകൾ കൃത്യമായി പ്രവർത്തിച്ചതിനാൽ ഇരുവരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ടുകൾ.

