
കാഠ്മണ്ഡു: നേപ്പാളില്‍ ജെൻസി പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജി വെച്ചു. ഇദ്ദേഹത്തിന്റെ ഔദ്യോഗിക വസതി പ്രക്ഷോഭകർ കത്തിച്ചു. കെപി ശര്‍മ ഒലി രാജ്യം വിട്ടേക്കുമെന്നും സൂചനയുണ്ട്. ചുമതല ഉപപ്രധാനമന്ത്രിക്ക് കൈമാറിയെന്നും സ്വകാര്യ വിമാനക്കമ്പനിയായ ഹിമാലയ എയർലൈൻസിൽ ദുബായിലേക്ക് പാലായനം ചെയ്യുമെന്നുമാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തലസ്ഥാനമായ കാഠ്മണ്ഡുവിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു. പൊഖാറ, ബട്വാൾ, ഭൈരഹവ, ഭരത്പൂർ, ഇറ്റാഹാരി, ദമാക് എന്നിവയുൾപ്പെടെ മറ്റ് പ്രധാന നഗരങ്ങളിലും സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിക്കുകയാണ്. മന്ത്രിമാരുടെ വീടുകൾ പലതും അഗ്നിക്കിരയാക്കി. നേപ്പാൾ പ്രസിഡന്റിന്റെ സ്വകാര്യ വസതിയിലും പ്രതിഷേധക്കാർ തീയിട്ടു. മുൻ പ്രധാനമന്ത്രി പ്രചണ്ഡയുടെ വീട് ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കെ പി ഒലിയുടെ പാർട്ടി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ രഘുവീർ മഹാസേത്തിൻ്റെ ജനക്പൂരിലെ വസതിക്ക് നേരെയും കല്ലെറുണ്ടായി

സമൂഹമാധ്യമ സൈറ്റുകൾ നിരോധിച്ചതിനും സര്‍ക്കാരിന്റെ വന്‍ അഴിമതിക്കും
എതിരെയാണ് യുവാക്കൾ തെരുവിലിറങ്ങി കൂറ്റന്‍ പ്രക്ഷോഭം അഴിച്ചു വിട്ടത്. പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ ഇന്നലെ രാത്രി സമൂഹമാധ്യമ സൈറ്റുകളുടെ നിരോധനം നേപ്പാൾ സർക്കാർ പിൻവലിച്ചിരുന്നു. 26 സമൂഹമാധ്യമ സൈറ്റുകളുടെ വിലക്കാണ് നീക്കിയത്. എന്നാല്‍ പ്രധാനമന്ത്രി രാജി വെക്കുന്നത്
വരെ പ്രക്ഷോഭം തുടരുമെന്നായിരുന്നു സമരക്കാരുടെ പ്രഖ്യാപനം

2008 ലാണ് നേപ്പാൾ രാജഭരണത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് മാറിയത്. അതിന് ശേഷം അധികാരത്തിലെത്തിയ ഒരു പ്രധാനമന്ത്രിയും 5 വർഷ കാലാവധി പൂർത്തിയാക്കിയിട്ടില്ല. ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം നേടാനും കഴിഞ്ഞിട്ടില്ല.
കലാപത്തിൽ 20ഓളം പേര് മരിച്ചെന്നും പരിക്കേറ്റവരുടെ
എണ്ണം 250ന് മുകളിലായെന്നുമാണ് റിപ്പോർട്ട്

