
കൊച്ചി: നടിയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ അറസ്റ്റിലായ സംവിധായകന് സനല്‍കുമാര്‍ ശശിധരന് ജാമ്യം നല്കി. ഇന്നലെ രാത്രി മുബൈയിൽ നിന്ന് കൊച്ചിയിലെത്തിച്ച സനൽകുമാര്‍ ശശിധരന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി. തുടര്‍ന്ന് മജിസ്ട്രേറ്റ് സ്വന്തം ജാമ്യത്തില്‍ സനൽകുമാര്‍ ശശിധരനെ വിടുകയായിരുന്നു.

അതേ സമയം തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന് സനൽകുമാർ പറഞ്ഞു. താനും നടിയും തമ്മില്‍ പ്രണയത്തിലാണെന്നും പ്രണയം തകര്‍ക്കാന്‍ സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ശ്രമിക്കുകയാണെന്നും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിച്ചപ്പോള്‍ സനല്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തുടര്‍ നടപടികളുടെ ഭാഗമായി ഇന്ന് രാവിലെ സനൽകുമാര്‍ ശശിധരൻ കോടതിയിൽ നേരിട്ട് ഹാജരായി. ആലുവ സിജെഎം കോടതിയിലാണ് ഹാജരായത്. ഇതേ നടിയെ ശല്യം ചെയ്തെന്ന മറ്റൊരു കേസ് സനല്‍കുമാറിന്റെ പേരിൽ നേരത്തെ ഉണ്ടായിരുന്നു. ഇതിനിടെയാണ് വീണ്ടും സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായത്.

സ്ത്രീത്വത്തെ അപമാനിക്കുക, അപവാദ പ്രചാരണം നടത്തുക, വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിക്കുക തുടങ്ങിയ പരാതികളാണ് സനൽകുമാർ ശശിധരനെതിരെ നടി നൽകിയത്. പിന്തുടർന്നു ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകളിലാണ് സനൽകുമാറിനെതിരെ ജനുവരിയിൽ കേസെടുത്തത്. സിറ്റി പൊലീസ് കമ്മിഷണർക്ക് നടി ഇ-മെയിലിൽ നൽകിയ പരാതി എളമക്കര പൊലീസിനു കൈമാറുകയായിരുന്നു. സംഭവത്തിൽ നടി പൊലീസിന് നേരത്തെ മൊഴി നൽകിയിട്ടുണ്ട്. കേസെടുക്കുമ്പോൾ സനൽകുമാർ അമേരിക്കയില്‍ ആയിരുന്നു. ലുക്ക് ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ നിന്ന് മുംബൈ വിമാനത്താവളത്തില്‍ എത്തിയ ശശിധരനെ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു വെച്ചു. തുടര്‍ന്ന് എളമക്കര പൊലീസെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

