
കണ്ണൂര്‍; പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെ വാങ്ങൽ പദ്ധതി സംസ്ഥാനത്തെ ബീവറേജസ് മദ്യഷോപ്പുകളിൽ നാളെ ആരംഭിക്കും. കണ്ണൂരിലും തിരുവനന്തപുരത്തുമായി തെരഞ്ഞെടുക്കപ്പെട്ട 20 ബെവ്കോ ഔട്ട്ലെറ്റുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം വാങ്ങുന്നവരിൽ നിന്ന് ഡെപ്പോസിറ്റായി 20 രൂപ അധികം ഈടാക്കും. കുപ്പി തിരികെ നൽകിയാൽ ഈ തുക തിരികെ ലഭിക്കുന്ന തരത്തിലാണ് പദ്ധതി. വാങ്ങിയ ബെവ്കോ ഔട്ട്ലെറ്റിൽ മദ്യക്കുപ്പി കൊടുത്താൽ ഡെപ്പോസിറ്റ് തുകയായ 20രൂപ തിരികെ നൽകുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്.

പരീക്ഷണാടിസ്ഥാനത്തിലാണ് തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ പദ്ധതി ലടപ്പിലാക്കുന്നത്. ശേഷം സംസ്ഥാന വ്യാപകമായി ഇത് നടപ്പാക്കാനാണ് തീരുമാനം. ബെവ്കോ സ്റ്റിക്കർ പതിച്ച കുപ്പികൾ ആരു തിരികെ കൊണ്ടു വന്നാലും 20 രൂപ നൽകും. ബെവ്കോ സ്റ്റിക്കർ വ്യക്തമാകുന്ന നിലയിലായിരിക്കണം കുപ്പി തിരികെ എത്തിക്കേണ്ടത്. പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കി പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയാണ് ബെവ്കോ പദ്ധതി നടപ്പാക്കുന്നതെന്ന് എക്സൈസ് മന്ത്രി
എം ബി രാജേഷ് പ്രഖ്യാപിച്ചിരുന്നു.


