
ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട ജെഡിഎസ് നേതാവും മുൻ എംപിയുമായ പ്രജ്ജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമനം നല്കി. 522 രൂപ ദിവസക്കൂലിയിലാണ് ജോലിക്ക് നിയമിച്ചത്. ജയിലിൽ തടവിൽ കഴിയുന്ന പ്രതികൾ എന്തെങ്കിലും ജോലി ചെയ്യണമെന്ന ജയിൽ ചട്ടങ്ങളുടെ ഭാഗമായാണ് നിയമനം നൽകിയത്. ആഴ്ചയിൽ 3 ദിവസവും മാസം കുറഞ്ഞത് 12 ദിവസവും ജോലി ചെയ്യണം. ലൈബ്രറിയിൽ നിന്ന് തടവുകാർ എടുക്കുന്നതും തിരികെ ലഭിക്കുന്നതുമായ പുസ്തകങ്ങളുട വിവരങ്ങള്‍ രേഖപ്പെടുത്തി വെക്കുക തുടങ്ങിയവയാണ് പ്രജ്ജ്വൽ രേവണ്ണയുടെ ജോലി.

47കാരിയായ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിനും 11 ലക്ഷം രൂപ പിഴയൊടുക്കാനുമാണ് പ്രജ്ജ്വൽ രേവണ്ണയെ ശിക്ഷിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രജ്വല്‍ രേവണ്ണ ചിത്രീകരിച്ച അശ്ലീല വീഡിയോകൾ അടങ്ങിയ പെൻഡ്രൈവ് പ്രചരിച്ചതിനെ തുടർന്നാണ് ലൈംഗികാതിക്രമ കേസുകൾ പുറത്തു വന്നത്. അതിവേഗം അന്വേഷണം പൂർത്തിയാക്കിയ കേസിൽ ഏഴ് മാസം കൊണ്ട് വിചാരണ പൂർത്തിയാക്കി. പീഡിപ്പിക്കപ്പെട്ട സമയത്ത് ധരിച്ച സാരി അതിജീവിത തെളിവായി ഹാജരാക്കിയത് കേസിൽ നിർണായകമായി. ഈ സാരിയിൽ നിന്ന് കണ്ടെത്തിയ ബീജത്തിൻ്റെ ശാസ്ത്രീയ പരിശോധനയാണ് പ്രജ്ജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കണ്ടെത്തുന്നതിൽ നിർണായകമായത്. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനാണ്
പ്രജ്വല്‍ രേവണ്ണ.


