
മുനമ്പത്തെ വഖഫ് വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വർഗീയ പരാമർശത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാല കൃഷ്ണനും എതിരെ കേസ് എടുക്കാത്തതിനാണ് സിപിഐ മുഖപത്രമായ ജനയുഗം വിമർശനം ഉന്നയിച്ചത്. വഖഫ് കിരാതം എന്ന പരാമർശത്തിൽ കേസ് എടുക്കാത്തത് എന്തു കൊണ്ടാണ്. ബോർഡിന്റെ പേര് പോലും പറയാതെ കിരാതമെന്ന് വിളിപ്പേരിട്ട സുരേഷ് ഗോപി ചീറ്റിയ മുസ്ലിം വിദ്വേഷ വിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു. ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ വാവർ പരാമർശത്തിലും പൊലീസ് കേസ് എടുക്കാത്തതിനെ ജനയുഗം ചോദ്യം ചെയ്യുന്നു.

”മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്. മണിപ്പൂർ പൊക്കി നടന്നവരെ ഇപ്പോൾ കാണാനില്ല. മുനമ്പത്തെ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതത്തെ ഒതുക്കും. വഖഫ് ബില്‍ നടപ്പാക്കിയിരിക്കും ” ഇങ്ങനെയായിരുന്നു വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തിൽ സുരേഷ് ഗോപിയുടെ വിവാദ പരാമർശം.

വഖഫ് ഭൂമി വിഷയത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാല കൃഷ്ണനും സമാനമായ പരാമർശം നടത്തിയിരുന്നു.” പതിനെട്ടാം പടിക്ക് താഴെ ഇരിക്കുന്ന, വാവര് നാളെ അതും വഖഫ് ആണെന്ന് പറഞ്ഞു വന്നാൽ കൊടുക്കേണ്ടി വരും. വേളാങ്കണ്ണി പള്ളി ഉൾപ്പെടെ അന്യാധീനപ്പെട്ട് പോകാതിരിക്കണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യണം ” കമ്പളക്കാട്ടെ പൊതുയോഗത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ ഈ വിവാദ പ്രസംഗം. കമ്പളക്കാട് പ്രസംഗത്തിൽ വർഗീയ പരാമർശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് അനൂപ് വി ആർ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും ഇതു വരെയും പൊലീസ് കേസെടുത്തിട്ടില്ല.

