
ആവേശകരമായ ഫുട്ബോൾ മത്സരത്തിനിടെ സമയം നഷ്ടപ്പെടുത്താനും റഫറിയുടെ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധിക്കാനും ശ്രമിച്ചാൽ ഇനി കളിമാറും. ടീമുകളുടെ ഇത്തരം നീക്കങ്ങൾക്കെതിരെ വടിയെടുത്തിരിക്കുകയാണ് ഫിഫ. ഫുട്ബോളിന്റെ നിയമനിർമാതാക്കളായ ഇന്റർനാഷനൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് (ഇഫാബ്) രൂപം നൽകിയ നിയമങ്ങൾ ലോകകപ്പ് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഫിഫ ചീഫ് റഫറീയിങ് ഓഫിസർ പിയർല്യൂജി കൊളിന അറിയിച്ചു. ഇക്കഴിഞ്ഞ ആഫ്രിക്ക നേഷൻസ് കപ്പ് ഫൈനലിൽ തങ്ങൾക്കെതിരെ വിധിച്ച പെനൽറ്റിയിൽ പ്രതിഷേധിച്ച് സെനഗൽ താരങ്ങൾ കളം വിട്ടത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനാണ് ഫിഫയുടെ പുതിയ നീക്കം

1. വാ പൊത്തി മിണ്ടരുത്

മത്സരത്തിനിടെയുണ്ടാകുന്ന പ്രശ്നങ്ങൾക്കിടെ എതിർ ടീം കളിക്കാരനുമായി സംസാരിക്കുമ്പോൾ കൈ ഉപയോഗിച്ചോ ജഴ്സി ഉപയോഗിച്ചോ വായ് മൂടിയാൽ ഉടൻ റെഡ് കാർഡ്. ചാംപ്യൻസ് ലീഗ് മത്സരത്തിനിടെ റയൽ മഡ്രിഡ് താരം വിനിസ്യൂസ് ജൂനിയറിനെതിരെ ബെൻഫിക്ക താരം ജിയൻലൂക്ക പ്രെസ്റ്റ്യാനി വായ് പൊത്തി വംശീയാധിക്ഷേപം നടത്തിയെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ, സൗഹൃദ സംഭാഷണങ്ങൾക്കിടെ വായ് പൊത്തി സംസാരിക്കുന്നത് അനുവദിക്കും.
2. മൈതാനം വിടരുത്
റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനം വിട്ടാൽ റെഡ് കാർഡ്. താരങ്ങളെ മൈതാനം വിടാൻ പ്രേരിപ്പിക്കുന്ന ടീം ഒഫിഷ്യലുകൾക്കും നിയമം ബാധകം.
3. ത്രോ വൈകരുത്
ത്രോ ഇൻ അനുവദിച്ച ശേഷം റഫറി കൈ ഉയർത്തി 5 സെക്കൻഡ് എണ്ണും. അതിനുള്ളിൽ ത്രോ ഇൻ എടുത്തില്ലെങ്കിൽ എതിർ ടീമിന് ത്രോ ഇൻ നൽകും. അതുപോലെ 5 സെക്കൻഡിനുള്ളിൽ ഗോൾകിക്ക് എടുത്തില്ലെങ്കിൽ എതിർ ടീമിന് കോർണർ കിക്ക് അനുവദിക്കും.
4. സബ് വൈകരുത്
സബ്സ്റ്റിറ്റ്യൂഷൻ ബോർഡ് കാണിച്ചശേഷം 10 സെക്കൻഡ് മാത്രമാണ് താരങ്ങൾക്ക് മൈതാനം വിടാനുള്ള സമയം. അതിനുള്ളിൽ പുറത്തുകടന്നില്ലെങ്കിൽ പകരക്കാരനായി ഇറങ്ങേണ്ട താരത്തെ ഒരു മിനിറ്റ് കാത്തുനിന്നതിനു ശേഷമേ മൈതാനത്ത് ഇറങ്ങാൻ അനുവദിക്കൂ.
‘പരിശോധന’യും പരിശോധിക്കും
മത്സരത്തിനിടെ ഫിസിയോയുടെ പരിചരണം തേടുന്ന കളിക്കാരൻ ഒരു മിനിറ്റ് വെളിയിൽനിന്ന ശേഷമേ വീണ്ടും കളത്തിൽ പ്രവേശിക്കാവൂ. ഗോൾകീപ്പർ ചികിത്സ തേടുമ്പേൾ ഇരുടീമുകൾക്കും മൈതാനത്തിനു പുറത്തിറങ്ങി പരിശീലകരെ കാണാൻ അനുവാദമില്ല.
ഡ്രിങ്ക് ബ്രേക്ക് രണ്ടെണ്ണം
കളിയുടെ 2 പകുതികളിലും 3 മിനിറ്റ് വീതം ഡ്രിങ്ക് ബ്രേക്ക്. 22–ാം മിനിറ്റിലാണ് ബ്രേക്ക് അനുവദിച്ചിരിക്കുന്നതെങ്കിലും 20–ാം മിനിറ്റിൽ ഒരു കളിക്കാരനു പരുക്കേറ്റാൽ റഫറിക്ക് ആവശ്യമെങ്കിൽ അപ്പോൾ മുതൽ ബ്രേക്ക് അനുവദിക്കാം.
വിഡിയോ റഫറി ഇടപെടും
∙ രണ്ടാം മഞ്ഞക്കാർഡ് വിശദമായി പരിശോധിക്കും
∙ മറ്റൊരു കളിക്കാരന്റെ പിഴവിനു വേറൊരു താരത്തിനു കാർഡ് നൽകിയാൽ ഇടപെടും
∙ തെറ്റായി വിധിക്കപ്പെട്ട കോർണർ കിക്കുകൾ പരിശോധിക്കും
∙ കളി പുനരാംരംഭിക്കും മുൻപ് ഒരു ഫൗൾ സംഭവിച്ചാൽ ഇടപെടും

