
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാർട്ടി പുറത്താക്കിയത് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിൻ്റെ ഒന്നാം വാർഷിക ദിനത്തിൽ. 2024 ഡിസംബർ നാലിനാണ് എംഎല്‍എ ആയി രാഹുല്‍ സത്യപ്രതിജ്ഞ ചെയ്തത്. കൃത്യം ഒരു വര്‍ഷത്തില്‍ യാദൃശ്ചികമാണെങ്കിലും അതേ തിയ്യതിയില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായത് എല്ലാവരിലും കൗതുകമുളവാക്കിയിരിക്കുകയാണ്.
ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസില്‍ നിന്ന് പുറത്താക്കിയത്. നിലവിൽ സസ്പെൻഷനിലുള്ള രാഹുലിനെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫാണ് അറിയിച്ചത്.
രാഹുൽ എംഎൽഎ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു

അതിനിടെ തിരുവനന്തപുരം ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയതോടെ അപ്പീലുമായി
ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് രാഹുല്‍.
അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാനോ പിടുത്തം കൊടുക്കാനോ രാഹുല്‍ ഒരുക്കമല്ല എന്നാണ് വിവരം.
ജാമ്യ ഹര്‍ജി തള്ളിയ ഉത്തരവിന്റെ പകർപ്പ് കിട്ടിയാല്‍ ഓൺലൈനായി
മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് ആലോചന. ഹര്‍ജി നാളെ ഉച്ചയോടെ ഹൈക്കോടതി ബെഞ്ചിൽ എത്തിക്കാനാണ് ശ്രമം. മുതിർന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുൽ മാങ്കൂട്ടത്തിലിനായി ഹാജരാവുകയെന്ന് അറിയുന്നു. രാഹുലുമായി ബന്ധപ്പെട്ടവര്‍ നേരത്തെ തന്നെ ഹൈക്കോടതി അഭിഭാഷകരുമായി ഇക്കാര്യത്തില്‍ കൂടിയാലോചനകൾ നടത്തിയിരുന്നു


