
എറണാകുളം; വിദ്യാർത്ഥികൾ വന്ദേഭാരത് എക്സ്പ്രസില്‍ ആർഎസ്എസ് ഗണഗീതം ആലപിച്ചത് വിവാദമായി. ഇന്ന് രാവിലെ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിലാണ് വിദ്യാർത്ഥികൾ ആർഎസ്എസിന്റെ ഗണഗീതം ആലപിച്ചത്. സ്കൂൾ യൂണിഫോം ധരിച്ചാണ് വിദ്യാർത്ഥികള്‍ ഗണഗീതം ആലപിക്കുന്നത്. വാരാണസിയിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. യു പി മുഖ്യമന്ത്രി യോഗി ആദിത്ഥ്യനാഥും കൂടെയുണ്ടായിരുന്നു

ഗണഗീതത്തിന്റെവീഡിയോ ദേശഭക്തി ഗാനമെന്ന നിലയില്‍ ദക്ഷിണ റെയിൽവേ എക്സിൽ പങ്ക് വെക്കുകയും ചെയ്തു.
‘എറണാകുളം- കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിൽ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്കൂൾ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം പാടി’, എന്ന മുഖവുരയോട് കൂടിയാണ് റെയിൽവെ വീഡിയോ പങ്ക് വെച്ചത്.
അതേ സമയം സംഭവം വിവാദമായതോടെ ഗണഗീതത്തിന്റെ വീഡിയോ റെയിൽവെ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു
എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്നാണ് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയോട്ടം ആരംഭിച്ചത്

നവംബർ 11-ന് ട്രെയിനിന്റെ സാധാരണ സർവ്വീസ് ആരംഭിക്കും. അതിനുള്ള ടിക്കറ്റ് ബുക്കിങ് നാളെ തുടങ്ങും.
എസി ചെയർ കാറിന് 1095 രൂപ വരെയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്. 11 സ്റ്റേഷനുകളിലാണ് ട്രെയിന്‍ നിര്‍ത്തുക. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര് ബെംഗളൂരു എന്നിവയാണ് സ്റ്റോപ്പുകള്‍. ട്രെയിന്‍ 9 മണിക്കൂർ കൊണ്ടാണ് 608 കിലോമീറ്റർ പിന്നിടുക. ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തും. തിരിച്ച് ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തെത്തും

