
മലപ്പുറം പൊൻമുണ്ടം പഞ്ചായത്തിലാണ് ലീഗിനെതിരെ കോൺഗ്രസ് സിപിഎമ്മുമായി കൈ കോർത്തത്. ജനകീയ മുന്നണിയെന്ന പേരിലാണ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ വിചിത്ര സഖ്യം രൂപപ്പെട്ടത്. കോൺഗ്രസ് 11 സീറ്റിലും സിപിഎം 5 സീറ്റിലും മുന്നണിയായി ഒന്നിച്ച് മത്സരിക്കാനാണ് ധാരണ. 2 സീറ്റുകൾ ടീം പൊൻമുണ്ടം എന്ന കൂട്ടായ്മക്ക് നൽകും. ജില്ലാ ജനറൽ സെക്രട്ടിയും ബ്ലോക്ക് പ്രസിഡണ്ടുമടക്കമുള്ള നേതാക്കൾ കോൺഗ്രസ് സ്ഥാനാർത്ഥികളാവും.
സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റിയംഗങ്ങളും ലോക്കൽ സെക്രട്ടറി അടക്കമുള്ള നേതാക്കളും മത്സര രംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്

അതിനിടെ കോൺഗ്രസ് – സിപിഎം വിചിത്ര ധാരണക്കെതിരെ മുസ്ലീം ലീഗ് രംഗത്തെത്തിയിട്ടുണ്ട് . വിഷയത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ കൂട്ടുകെട്ടിനെ ഗൗരവമായി കാണണമെന്നും ഇല്ലെങ്കിൽ പല നിയമസഭാ മണ്ഡലങ്ങളിലും ഇതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്നും ലീഗ് നേതാക്കള്‍ പ്രതികരിച്ചു. അതേ സമയം മുന്നണി കൂട്ടുകൊട്ട് പൊളിച്ചത് മുസ്ലീം ലീഗാണെന്നും അതിനാലാണ് കോൺഗ്രസ് ജനാധിപത്യ മതേതര പ്ലാറ്റ്ഫോം ഉണ്ടാക്കി മത്സരിക്കുന്നതെന്നും കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി


