
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര (Meitra) ഹോസ്പിറ്റൽ. രക്താർബുദ രോഗിയായ 25 വയസുകാരന് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ് മേയ്ത്ര അഡ്വാൻസ്ഡ് കാൻസർ കെയറിൽ പുതിയ നാഴികക്കല്ല് സ്ഥാപിച്ചത്. ലോകമെമ്പാടും കാൻസർ ചികിത്സയുടെ ഭാവി എന്ന നിലയിലാണ് വ്യക്തിഗത ചികിത്സാരീതിയുടെ ഭാഗമായ ഈ ഇമ്മ്യൂണോതെറാപ്പി കണക്കാക്കപ്പെടുന്നത്.

‘കൈമേറിക് ആന്റിജൻ റിസപ്റ്റർ ടി-സെൽ തെറാപ്പി’ (Chimeric Antigen Receptor T-Cell Therapy) എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യയിൽ, രോഗിയുടെ സ്വന്തം പ്രതിരോധ കോശങ്ങളായ ടി-സെലുകൾ ശേഖരിച്ച്, അവയെ ജനിതകമായി മാറ്റം വരുത്തി കാൻസർ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനും കഴിവുള്ളതാക്കി വികസിപ്പിക്കുന്നു. പിന്നീട് ഈ കോശങ്ങളെ രോഗിയുടെ ശരീരത്തിലേക്ക് തിരിച്ചുനൽകി, അർബുദത്തെ നേരിട്ട് ആക്രമിക്കാൻ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.

പരമ്പരാഗത ചികിത്സാ മാർഗങ്ങൾ ഫലപ്രദമല്ലാത്ത ഘട്ടങ്ങളിലും ആധുനിക കാൻസർ ചികിത്സയുടെ പുതിയ രീതി പ്രതീക്ഷയുടെ വാതിൽ തുറക്കുന്ന ഒന്നാണ്.
മേയ്ത്ര ഹോസ്പിറ്റലിലെ ബോൺ മാരോ ട്രാൻസ്പ്ലാന്റ് വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. രാഗേഷ് രാധാകൃഷ്ണൻ നായർ, കൺസൾട്ടന്റുമാരായ ഡോ. അജയ് ശങ്കർ, ഡോ. വിഷ്ണു ശ്രീദത്ത് എന്നിവരടങ്ങിയ മൾട്ടി-ഡിസിപ്ലിനറി സംഘമാണ് ഈ നേട്ടത്തിന് നേതൃത്വം നൽകിയത്.
ആഗോള നിലവാരത്തിലുള്ള ഈ ചികിത്സ ലഭ്യമാക്കുന്നതിലൂടെ, മേയ്ത്ര ഹോസ്പിറ്റൽ കേരളത്തിലെ കാൻസർ ചികിത്സയുടെ പുതിയ വഴികൾ തുറന്നിരിക്കുകയാണ്.

