
പാലക്കാട്: പല്ലഞ്ചാത്തന്നൂരിൽ 14കാരൻ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളാണ് സ്കൂള്‍ മുറ്റത്ത് പ്രതിഷേധിക്കുന്നത്. അർജുന് നീതി കിട്ടണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അർജുൻ. അർജുൻ്റെ മരണത്തിന് പിന്നിൽ ക്ലാസ് ടീച്ചറാണെന്നാണ് കുട്ടികളുടെയും ബന്ധുക്കളുടെയും ആരോപണം. ടീച്ചർ രാജിവയ്ക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് ഇവര്‍ ആരോപിച്ചു

ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് ക്ലാസ് ടീച്ചര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. മെസേജ് അയച്ചതിന് പിന്നാലെ അർജുനോട് ടീച്ചര്‍ സൈബർ സെല്ലിൽ പരാതി നൽകുമെന്ന് പറഞ്ഞു. കുട്ടിയെ ജയിലിലടക്കുമെന്ന് പറഞ്ഞതായും പരാതിയിൽ കുടുംബം ആരോപിക്കുന്നു. അധ്യാപിക ക്ലാസിൽ വച്ച് അർജുനെ മാനസികമായി തളർത്തുന്ന രീതിയിൽ സംസാരിച്ചെന്നാണ് വിദ്യാർഥികളും പറയുന്നത്. ” ഒന്നര വർഷത്തോളം ജയിലിൽ കിടക്കുമെന്ന് ടീച്ചർ അർജുനോട് പറഞ്ഞിരുന്നു. ടീച്ചർ അടിച്ചിട്ടുണ്ട്. ഒരു വിദ്യാർഥിക്കും താങ്ങാൻ കഴിയാത്ത സംസാരമാണ് ടീച്ചറുടെ ഭാഗത്തുനിന്ന് ഉണ്ടായത് ” – വിദ്യാർഥികൾ പറയുന്നു

അതേ സമയം ആരോപണങ്ങൾ പൂർണമായും നിഷേധിക്കുകയാണ് സ്കൂൾ അധികൃതർ. അധ്യാപിക സാധാരണ രീതിയിൽ മാത്രമാണ് സംസാരിച്ചത്. ഇൻസ്റ്റഗ്രാമിൽ ചാറ്റിങ് കണ്ടതിന് പിന്നാലെ എല്ലാ കുട്ടികൾക്കും ബോധവത്കരണം നടത്താനാണ് ടീച്ചർ ശ്രമിച്ചത്. സൈബർ സെൽ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്നും പ്രധാനധ്യാപിക വ്യക്തമാക്കി. അതിനിടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികളും അധ്യാപികയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇതിന് പുറമെ കുട്ടിക്ക് വീട്ടിലും ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നെന്നും അധ്യാപകര്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് അര്‍ജുനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂള്‍ യൂണിഫോം പോലും മാറ്റാതെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

