
കാസർകോട്: സ്കൂള്‍ കലോത്സവത്തിനിടെ കുട്ടികൾ അവതരിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ മൈം ഷോയും കലോത്സവവും നിർത്തി വെപ്പിച്ച സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്. കാസർകോട് കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. മൈം ഷോ അവതരിപ്പിക്കാൻ അനുമതി നിഷേധിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. അടിയന്തരമായി അന്വേഷണ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടി ഉണ്ടാകും. പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു കലാരൂപം അവതരിപ്പിച്ചാൽ അത് തടയുന്നതും അതിന്റെ പേരിൽ യുവജനോത്സവം നിർത്തി വെക്കുന്നതും മര്യാദകേടാണെന്നും മന്ത്രി പറഞ്ഞു. കുമ്പള സ്ളിലെ വിദ്യാർത്ഥികൾക്ക് ഇതേ വിഷയം വേദിയിൽ അവതരിപ്പിക്കാൻ അനുമതി നൽകും.

ഇന്നലെയാണ് സ്കൂൾ കലോത്സവം, പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈമിംഗ് ഷോ അവതരിപ്പിച്ചതിന്റെ പേരിൽ നിർത്തി വെച്ചത്. മൈമിംഗ് മുഴുപ്പിക്കുന്നതിൻ്റെ മുമ്പ് അധ്യാപകൻ സ്റ്റേജില്‍ കയറി കർട്ടൻ താഴ്ത്തുകയായിരുന്നു. ഇന്നും കൂടി നടക്കേണ്ട കലോത്സവം മാറ്റി വെച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രത്യേക പി ടി എ യോഗം ഇന്ന് ചേര്‍ന്നു. അതിനിടെ കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫും എസ് എഫ് ഐയും സ്കൂളിലേക്ക് മാർച്ച് നടത്തി. പിടിഎ യോഗത്തിൽ പങ്കെടുത്തവരെ തടഞ്ഞു വെക്കുകയും ചെയ്തു. ഇതോടെ പൊലീസെത്തി
പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അധ്യാപകർക്ക് വീഴ്ച സംഭവിച്ചതായി പിടിഎ പ്രസിഡന്റ് എ കെ ആരിഫ് പറഞ്ഞു. 2 അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതായും പിടിഎ പ്രസിഡന്റ് പറഞ്ഞു


