
കൊച്ചി: സ്വര്‍ണപ്പാളി പൂജാ വിവാദത്തില്‍ പ്രതികരിച്ച് നടന് ജയറാം. അയ്യപ്പന് തന്ന നിയോഗമാണെന്ന് കരുതിയാണ് പൂജ ചെയ്തതെന്ന് ജയറാം വ്യക്തമാക്കി. ഇത്രയും വലിയ പ്രശ്നമാകുമെന്ന് കരുതിയില്ലെന്നും നടന് പറഞ്ഞു. ‘അന്വേഷണവുമായി സഹകരിക്കും, ഓര്മ വെച്ച കാലം മുതല്‍ അയ്യപ്പനെ കാണാന്‍ പോകുന്നതാണ്. തന്റെ സ്വപ്നത്തില്‍ ജയറാം വന്ന് പൂജ ചെയ്യുന്നത് കണ്ടെന്ന് പോറ്റി വിളിച്ച് പറഞ്ഞപ്പോള്‍ അയ്യപ്പന് തന്ന നിയോഗമാണെന്ന് വിചാരിച്ചാണ് പൂജ ചെയ്തത്. അയ്യപ്പന് തന്ന അനുഗ്രഹമാണെന്ന് കരുതി. പക്ഷേ ഇത്രയും വലിയ പ്രശ്നമാകുമെന്ന് കരുതിയില്ല. ദേവസ്വം വിജിലന്‍സ് വിളിച്ച് കാര്യങ്ങള്‍ ചോദിച്ചു. എപ്പോള്‍ വേണമെങ്കിലും എന്തിന് വേണമെങ്കിലും വിളിച്ചോളൂവെന്ന് പറഞ്ഞു. അയ്യപ്പന്റെ കാര്യമല്ലേ, നമ്മള് കൂടെ നില്‍ക്കണ്ടേ’ – ഇങ്ങിനെ ആയിരുന്നു ജയറാമിന്റെ പ്രതികരണം

അതേ സമയം ജയറാമില് നിന്ന് വിശദമായി മൊഴിയെടുക്കാനാണ് ദേവസ്വം വിജിലന്‍സിന്റെ തീരുമാനം. ഇപ്പോള്‍ രേഖപ്പെടുത്തിയത് പ്രാഥമിക മൊഴിയാണെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ആരോപണ വിധേയനായ ഇടനിലക്കാരന് ഉണ്ണികൃഷ്ണന് പോറ്റി ശബരിമലയിലേക്ക് മറ്റൊരു കട്ടിളപ്പടി കൂടി സ്പോണ്സര് ചെയ്തിരുന്നു എന്നുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന്റെ പൂജാ ചടങ്ങുകളിലാണ് നടന് ജയറാം പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്


