
ചെന്നൈ: കരൂര്‍ ദുരന്ത കേസിലെ എഫ്ഐആറിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ ഗുരുതര ആരോപണം.
വിജയ് മനപ്പൂര്‍വം റാലിക്കെത്താൻ 4 മണിക്കൂര്‍ വൈകിയെന്നാണ് എഫ്ഐആറിലുള്ളത്. കരൂരിൽ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നും എഫ്ഐആറിലുണ്ട്. ”ജനക്കൂട്ടത്തെ ആകർഷിക്കാനും പാർട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാതെ റോഡ് ഷോ നടത്തിയത്. അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങി. ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ല” എഫ്ഐആറില്‍ പറയുന്നു

അതിനിടെ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തരുതെന്ന മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തി. എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണം, ദുരന്തവുമായി ബന്ധപ്പെട്ട് വസ്തുതകളല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സ്റ്റാലിൻ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. നിരപരാധികൾ മരിക്കണമെന്ന് ഒരു നേതാവും ആഗ്രഹിക്കില്ല, ഏത് പാർട്ടിയിൽ പെട്ടവരായാലും മരിച്ചത് തമിഴ്നാട്ടിലെ ജനങ്ങളാണ്. ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല ഇതെന്നും എംകെ സ്റ്റാലിൻ വീഡിയോ യില്‍ പറഞ്ഞു


