
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ ഡിഫൻഡര്‍ വാഹനം പിടിച്ചെടുത്തു. കൊച്ചിയിൽ നിന്ന് രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തത്. അതിലൊന്ന് ദുൽഖറിന്റേതാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് പരാതിയിലാണ് ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും അടക്കം 30 വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തിയത്. ആഡംബര വാഹനങ്ങള്‍ ഭൂട്ടാന് വഴി നികുതി വെട്ടിച്ച് ഇന്ത്യയിലേക്കു കടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. രാജ്യ വ്യാപകമായാണ് കസ്റ്റംസിന്റെ ഓപ്പറേഷന് നടക്കുന്നത്.
കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം, ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന.

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) കസ്റ്റംസുമാണ് കേസ് അന്വേഷിക്കുന്നത്. ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടന്മാരുടെയും ബിസിനസുകാരുടെയും വീടുകളിൽ കസ്റ്റംസ് എത്തിയത്. പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും ദുൽഖറിന്റെ പനമ്പള്ളി നഗറിലെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാൽ മടങ്ങുകയായിരുന്നു. ചില വ്യവസായികളുടെയും ഇടനിലക്കാരുടെയും വീടുകളിലും ചില വാഹന ഷോറൂമുകളിലും റെയ്ഡ് നടക്കുന്നുണ്ട്


